ന്യൂയോര്‍ക്ക് സംസ്ഥാനത്തിന് ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ സ്പീക്കര്‍
Saturday, February 7, 2015 6:11 AM IST
ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ളിയുടെ ചരിത്രത്തിലാദ്യമായി സ്പീക്കര്‍പദവി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനു ലഭിച്ചു. ബ്രോണ്‍സില്‍നിന്നു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണു 47 വയസുളള കാള്‍ ഹെസ്റ്റി ന്യുയോര്‍ക്ക് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്ന ഷെല്‍ഡന്‍ സില്‍വറിന്റെ പിന്‍ഗാമിയായിട്ടാണു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുളള ഡെമോക്രാറ്റിക് പാര്‍ട്ടി സ്പീക്കര്‍സ്ഥാനത്തേക്ക് കാളിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിനു നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്രയാന്‍ കോള്‍ ബിനെയാണു കാള്‍ പരാജയപ്പെടുത്തിയത്.

2000-ലാണ് ആദ്യമായി കാള്‍ ഫെസ്റ്റി ന്യൂയോര്‍ക്ക് അസംബ്ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മിനിമം വേജസ് വര്‍ധിപ്പിക്കല്‍, രേഖകളില്ലാതെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് ആനുകൂല്യം, സ്ത്രീകള്‍ക്ക് തുല്യാവകാശം, ഗര്‍ഭഛിദ്രത്തിനു സ്ത്രീകള്‍ക്കുളള സ്വാതന്ത്യ്രം എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു പ്രഥമ പരിഗണ നല്‍കുമെന്നു സത്യപ്രതിജ്ഞയ്ക്കുശേഷം കാള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍