ജെഎഫ്എ പുതിയ പന്ഥാവിലേക്ക്
Wednesday, February 11, 2015 7:56 AM IST
ന്യൂയോര്‍ക്ക്: ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന പ്രസ്ഥാനത്തെ കെട്ടുറപ്പുള്ള ഒരു സംഘടനയാക്കി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി ഏഴിനു ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കു രൂപം നല്‍കി.

ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് പ്രേമ ആന്റണി, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ജേക്കബ്, ഡയറക്ടര്‍മാരായ എം.കെ. മാത്യൂസ്, അലക്സ് കോശി വിളനിലം, രാജ് സദാനന്ദന്‍, എ.സി. ജോര്‍ജ്, തമ്പി ആന്റണി, ജോയിച്ചന്‍ പുതുക്കുളം, അഡ്വൈസര്‍മാരായ വര്‍ഗീസ് മാത്യു, അറ്റോര്‍ണി ജേക്കബ് കല്ലുപുര എന്നിവര്‍ പങ്കെടുത്തു.

2013 മേയില്‍ ന്യൂജേഴ്സിയില്‍ രജിസ്റര്‍ ചെയ്തു പതിനാറു പേരടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ജെഎഫ്എ ഇന്ന് സമൂഹത്തില്‍ ഒരു നിര്‍ണായകശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തരായ പ്രവര്‍ത്തകരുടെ സേവനം അനിവാര്യമായതിനാല്‍ പ്രവര്‍ത്തന തല്‍പ്പരരും കാര്യശേഷിയും ആത്മാര്‍ഥതയുമുള്ളവരെ കണ്ടുപിടിച്ച് അവരെ ഉള്‍പ്പെടുത്തി പ്രസ്ഥാനത്തെ വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. വര്‍ഗീസ് മാത്യുവിനെ (മോഹന്‍) തെരഞ്ഞെടുപ്പു കമ്മീഷണറായി ഐകകണ്ഠേന തെരഞ്ഞെടുത്തു.

കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്‍ഡിന്റെ പ്രസിഡന്റുകൂടിയായ വര്‍ഗീസ് മാത്യുവിനെക്കൂടാതെ ചെറിയാന്‍ ജേക്കബ്, രാജ് സദാനന്ദന്‍, അറ്റോര്‍ണി ജേക്കബ് കല്ലുപുര, തോമസ് കൂവള്ളൂര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയും രൂപീകൃതമായി.

ജെഎഫ്എയുടെ നാഷണല്‍ ട്രഷറര്‍ ആയിരുന്ന തോമസ് എം. തോമസിന്റെ അകാല വേര്‍പാടിനെത്തുടര്‍ന് ആ സ്ഥാനം വഹിച്ചിരുന്ന എം.കെ. മാത്യൂസിനു പകരം ന്യൂജേഴ്സിയില്‍നിന്നുള്ള അനില്‍ പുത്തന്‍ചിറയെ നാഷണല്‍ ട്രഷറര്‍ ആയി യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം എഴുത്തുകാരനും ചിന്തകനുമാണ്. അദ്ദേഹത്തെപ്പോലുള്ള സേവനതത്പരരായ പ്രവര്‍ത്തകരെയാണു ജെഎഫ്എ തെരഞ്ഞുകൊണ്ടിരിക്കുന്നത്. അനില്‍ പുത്തന്‍ചിറ ജെഎഫ്എയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല.

ജെഎഫ്എയുടെ രണ്ടാം വാര്‍ഷികത്തിനകം കാര്യക്ഷമതയും പ്രവര്‍ത്തനപാടവവുമുള്ളവരെ കണ്ടുപിടിക്കാനുള്ള ഉദ്യമത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വര്‍ഗീസ് മാത്യുവും സഹപ്രവര്‍ത്തകരും. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ താത്പര്യമുള്ള ഏവര്‍ക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരാവുന്നതാണ്. പേരിനല്ല പ്രവര്‍ത്തനങ്ങള്‍ക്കാണു ജെഎഫ്എ മുന്‍തൂക്കം കൊടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു (മോഹന്‍) 646 785 7318, അനില്‍ പുത്തന്‍ചിറ 732 319 6001, ചെറിയാന്‍ ജേക്കബ് 847 687 9909, തോമസ് കൂവള്ളൂര്‍ 914 409 5772.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ