20-ാം ഓര്‍മയാചരണം
Friday, February 20, 2015 7:06 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വൈദികരില്‍ റവ. ഫാ. ജോണ്‍ മാത്യൂസ് എന്നും സ്മരിക്കപ്പെടും. അമേരിക്കന്‍ മണ്ണില്‍ മലയാളി കുടിയേറ്റം ആരംഭിക്കുന്ന അറുപതുകളുടെ അന്ത്യപാദത്തിലാണ് ഫാ. ജോണ്‍ മാത്യൂസ് ന്യുയോര്‍ക്കില്‍ എത്തിച്ചേരുന്നത്. ന്യുയോര്‍ക്കിലെ യൂണിയന്‍ സെമിനാരിയില്‍ അന്നുണ്ടായിരുന്ന ചുരുക്കം വിശ്വാസികളെ സംഘടിപ്പിച്ച് റവ. കെ.എസ്. സൈമണിനോടൊപ്പം ആരാധന നടത്താനായതാണ് അമേരിക്കയിലെ മലയാള ആരാധനകളുടെ ആത്മീയ ഉത്ഭവം.

1970ല്‍ ഭാഗ്യ സ്മരണാര്‍ഹനായ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത (പരിശുദ്ധ ദിദിമോസ് കാതോലിക്ക ബാവ)യില്‍ നിന്നും പൌരോഹിത്യം സ്വീകരിക്കുകയും അമേരിക്കയില്‍ മലങ്കര സഭയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തു. 1970ല്‍ ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയ്ക്ക് 1976ല്‍ ന്യൂജേഴ്സി സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കു തുടക്കം കുറിക്കാനായി. 27 വര്‍ഷം തുടര്‍ച്ചയായി ന്യൂജേഴ്സി സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിച്ച് 1995 ഫെബ്രുവരി 19-ന് ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

പരിമിതമായ സൌകര്യങ്ങളിലും പ്രതികൂലമായ സാഹചര്യങ്ങളിലും പവിത്രമായ ആരാധനയിലൂടെ മലങ്കര സഭക്ക് ആത്മീയ പാത വെട്ടിത്തുറന്ന ഫാ. ജോണ്‍ മാത്യൂസ് അനേകരുടെ ഓര്‍മകളിലെ നിറസാന്നിധ്യമാണ്. മാവേലിക്കര പുതിയകാവ് പള്ളത്ത് കുടുംബാംഗമായ അച്ചന്‍ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അച്ചന്റെ സഹധര്‍മ്മിണി കുറ്റിശേരില്‍ ഗ്രേസ് മാത്യുവും മക്കള്‍ ബീനയും ബിനിയും കുടുംബങ്ങളും ന്യൂജേഴ്സിയില്‍ താമസിക്കുന്നു. ഏഷ്യാനെറ്റ് യുഎസ്എ ഡയറക്ടര്‍ രാജു പള്ളത്ത് സഹോദരപുത്രനാണ്.

അനുസ്മരണ ശുശ്രൂഷകള്‍ ലിന്‍ഡന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഫെബ്രുവരി 21ന് (ശനി) ഒമ്പതിനു നടക്കും.

റിപ്പോര്‍ട്ട്: രാജു പള്ളത്ത്