'സണ്ണിവെയ്ല്‍ ഡേ' ഓസ്റിന്‍ അവാര്‍ഡുദാന ചടങ്ങില്‍ മലയാളി പ്രതിനിധികളും
Saturday, March 21, 2015 6:42 AM IST
ഓസ്റിന്‍ (ടെക്സസ്): സണ്ണിവെയ്ല്‍ സിറ്റിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്സസ് സെനറ്റും ടെക്സസ് ഹൌസും പ്രത്യേകം ഏര്‍പ്പെടുത്തിയ അവാര്‍ഡുദാന ചടങ്ങില്‍ സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധി സംഘത്തില്‍ മലയാളികളുടെ സാന്നിധ്യം ഇരുസഭകളുടേയും പ്രത്യേക പ്രശംസ നേടി.

ടെക്സസ് സംസ്ഥാനം 'സണ്ണിവെയ്ല്‍ ഡേ' ആയി പ്രഖ്യാപിച്ച മാര്‍ച്ച് 19-ന് ഓസ്റിനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 25 അംഗ പ്രതിനിധി സംഘത്തില്‍ മലയാളികളെ പ്രതിനിധീകരിച്ച് ഫിലിപ്പ് ശാമുവല്‍, പി.പി. ചെറിയാന്‍, മേഴ്സി ജേക്കബ്, ജോയിക്കുട്ടി, ഗീതാ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. സണ്ണിവെയ്ല്‍ മേയര്‍ ജിം ഫൌപ്, മുന്‍ മേയര്‍ ജിം വേഡ്, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരോടൊപ്പം എത്തിച്ചേര്‍ന്ന പ്രതിനിധി സംഘത്തിന് ടെക്സസ് സെനറ്റും ടെക്സസ് ഹൌസും ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇരുസഭകളും നടന്നുകൊണ്ടിരിക്കെയാണ് 'സണ്ണിവെയ്ല്‍ ഡേ' ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ടെക്സസ് സെനറ്റര്‍ ബോബ് ഹാള്‍, ഹൌസ് പ്രതിനിധി സിന്ധി ബര്‍ക്കറ്റ് എന്നിവരുമായി പ്രതിനിധി സംഘം സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതികളെക്കുറിച്ച് ചര്‍ച്ച നടത്തി. ഉച്ചയ്ക്കുശേഷം സെനറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചകളില്‍ ഗവര്‍ണറുടെ ഇക്കണോമിക്സ് ഡവലപ്മെന്റ് പ്രതിനിധി ലാറി, ഫിലിം കമ്മീഷന്‍ പ്രതിനിധി അലിഷ്യ, കംട്രോളര്‍ ഓഫീസ് പ്രതിനിധി ഗ്ളെന്‍ ഹാഗര്‍ എന്നിവര്‍ പങ്കെടുത്തു.

സണ്ണിവെയ്ല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെനറ്റര്‍ ബോബ് ഹാള്‍, റെപ്രസന്റേറ്റീവ് ബര്‍ക്കറ്റ് എന്നിവര്‍ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ