വൈറ്റ് ഹൌസ് സയന്‍സ് ഫെയറില്‍ ഇന്ത്യന്‍ യുവ ശാസ്ത്രജ്ഞര്‍ക്ക് ഒബാമയുടെ അഭിനന്ദനം
Wednesday, March 25, 2015 8:18 AM IST
വാഷിംഗ്ടണ്‍: 2015 വൈറ്റ് ഹാസ് സയന്‍സ് ഫെയറില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികളായ യുവ ശാസ്ത്രജ്ഞരുടെ അത്യപൂര്‍വനേട്ടങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുക്തകണ്ഠം പ്രശംസിച്ചു.

മാര്‍ച്ച് 23നു വൈറ്റ് ഹൌസില്‍ സംഘടിപ്പിച്ച സയന്‍സ് ഫെയറില്‍ 30 സംസ്ഥാനങ്ങളില്‍നിന്നായി നൂറു യുവശാസ്ത്ര വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതില്‍ അഞ്ചു പേര്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികളാണ്.

രാവിലെ വൈറ്റ് ഹൌസില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ ഒബാമ ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. ഓരോ മേശയ്ക്കരികിലും ഇരുന്നിരുന്ന വിദ്യാര്‍ഥികള്‍ പ്രസിഡന്റിന് അവരവരുടെ കണ്ടുപിടിത്തങ്ങള്‍ വിശദീകരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേരു വിളിച്ചാണ് ഒബാമ ഓരോരുത്തരെയായി അഭിനന്ദിച്ചത്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാപ്പര്‍ വില്ലയില്‍നിന്നുളള തൃഷ പ്രഭുവും (14), ഗ്ളോബല്‍ എനര്‍ജി ക്രൈസിസിനെക്കുറിച്ച് പിറ്റ്സ്ബര്‍ഗില്‍ നിന്നുളള സഹില്‍ ധോഷിയും (14) ഓണ്‍ലൈന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റിയെക്കുറിച്ച് നിക്കില്‍ സിഹാരിയും (14) ഹൃദയാരോഗ്യം എങ്ങനെ കാത്തു സൂക്ഷിക്കാം എന്നതിനെക്കുറിച്ച് കാലിഫോര്‍ണിയായില്‍നിന്നുളള രുചി പാണ്ഡ്യയും (18) മാരകരോഗങ്ങളെ കംപ്യൂട്ടറുകള്‍ എങ്ങനെ തിരിച്ചറിയും എന്ന വിഷയത്തെക്കുറിച്ച് അരിസോണയില്‍നിന്നുളള അവിതാ ഗുപ്തയും (17) നടത്തിയ ഗവേഷണങ്ങളാണ് സയന്‍സ് ഫെയറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ലോക വ്യവസ്ഥിതിയെ സമൂലം മാറ്റി മറിക്കുവാന്‍ കഴിയുന്ന ആശയങ്ങള്‍ കണ്െടത്താന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാവരും പ്രത്യേകം ആദരവും അംഗീകാരവും അഭിനന്ദനവും അര്‍ഹിക്കുന്നുവെന്നും ഇത്തരം ഗവേഷണങ്ങള്‍ക്കായി 240 മില്യണ്‍ ഡോളര്‍ മാറ്റിവയ്ക്കുമെന്നും പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍