'അമേരിക്കന്‍ ഡേയ്സ്' സ്റേജ്ഷോ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി
Thursday, March 26, 2015 5:25 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഡേയ്സ് എന്ന സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു. മാര്‍ച്ച് 22ന് ഇസനിലെ ബിരിയാണി പോട്ട് റസ്ററന്റില്‍ നടന്ന ചടങ്ങില്‍ പുതുമുഖ സിനിമതാരം ധനീഷ് കാര്‍ത്തിക് കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് വൈസ് പ്രസിഡന്റ് ജേക്കബ് കുര്യാക്കോസിനും മേരി കുര്യാക്കോസിനും ആദ്യ ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

2014ല്‍ അമേരിക്കയില്‍ വിജയകരമായി നടത്തിയ ഉല്ലാസത്തിരമാല എന്ന പരിപാടിയുള്‍പ്പെടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഹിബ്രോണ്‍ മീഡിയയാണ് അമേരിക്കന്‍ ഡേയ്സ് എന്ന പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയില്‍ പിന്നണിഗായിക രഞ്ജിനി ജോസ്, ഗായകന്‍ എടപ്പാള്‍ വിശ്വം, സിനിമാതാരങ്ങളായ സരയൂ, സുധീഷ്, അഞ്ജു അരവിന്ദ് എന്നിവരും കലാഭവന്‍ ജിന്റോ നയിക്കുന്ന കലാഭവന്‍ ടീമും പങ്കെടുക്കും. എബിസിഡി, കസിന്‍സ്, താപ്പാന, ട്രാഫിക്, മാസ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണിയാണു സ്റ്റേജ് ഷോയുടെ സംവിധായകന്‍. ജൂണ്‍ 28 (ഞായറാഴ്ച) വൈകുന്നേരം അഞ്ചിന് എഡിസണ്‍ ജെ.പി. സ്റീവന്‍സ് ഹൈസ്കൂളിലാണു സ്റ്റേജ് ഷോ അരങ്ങേറുക.

കെഎഎന്‍ജെ, ഐഎഎന്‍ജെ, ഫോക്കാന, നാമം തുടങ്ങിയ കമ്യൂണിറ്റികളിലെ പ്രമുഖ നേതാക്കള്‍ ടിക്കറ്റ് വിതരണച്ചടങ്ങില്‍ പങ്കെടുത്തു. കെഎഎന്‍ജെ പ്രസിഡന്റ് ജോ പണിക്കര്‍ പരിപാടിയുടെ വിജയത്തിന് ആശംസിക്കുകയും മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഫോക്കാന ബിഒടി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അസോസിയേഷന്‍ രണ്ടു വര്‍ഷം കൊണ്ടുനേടിയ അസാധാരണ വിജയത്തെ അഭിനന്ദിച്ചു. ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍ക്കെ, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീല മാരേട്ട്, മുന്‍ വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, മുന്‍ കമ്മിറ്റിയംഗം ലിസി അലക്സ് എന്നിവര്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും പരിപാടിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നാമം പ്രസിഡന്റ് ബി. മാധവന്‍ നായര്‍ സംഘടനയ്ക്കു ഹൃദയം നിറഞ്ഞ പിന്തുണയും പരിപാടി വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മലയാളി അസോസിയേന്‍ ഓഫ് ന്യൂജേഴ്സി വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതപ്രസംഗം നടത്തി. ഹീബ്രോണ്‍ മീഡിയ പ്രതിനിധി സിജി ജേക്കബ് അസോസിയേഷനെ അനുമോദിക്കുകയും പരിപാടി 100 ശതമാനം ആസ്വാദ്യകരമാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വര്‍ഗീസ് സംഘടനയുടെ ഭാവി സേവനപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

അസോസിയേഷന്‍ സെക്രട്ടറി ഉമ്മന്‍ ചാക്കോ നന്ദി പറഞ്ഞു. ട്രഷറര്‍ സുജ ജോസ് എംസിയായിരുന്നു. യോഗത്തില്‍ സംഘടന നേതാക്കളായ സോമന്‍ ജോണ്‍ തോമസ്, വര്‍ഗീസ് ഉമ്മന്‍, കുരുവിള ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം