ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനയില്‍ പെസഹ ആചരിച്ചു
Monday, April 6, 2015 4:38 AM IST
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനായില്‍ പെസഹാ ആചരിച്ചു. ഏപ്രില്‍ രണ്ടിന് വ്യാഴാഴ്ച വൈകുന്നേരം ഏഴിനു നടന്ന പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികനുമായിരുന്നു.

യേശു തന്റെ ശിഷ്യരുടെ കാലുകള്‍ കഴുകി, സ്നേഹത്തിന്റെ മാതൃക കാണിച്ചതിന്റെ അനുസ്മരണയായി, മുത്തോലത്തച്ചന്‍ അള്‍ത്താരശുശ്രൂഷകരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു.

കുര്‍ബാനമധ്യേയുള്ള വചന സന്ദേശത്തില്‍, പെസഹാവ്യാഴം, കത്തോലിക്കാസഭയിലെ പ്രധാനദിവസമാണെന്നും, കാല്‍കഴുകല്‍ ശുശ്രൂഷയുടേയും, വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും ദിവസമാണെന്നും പടിഞ്ഞാറേക്കരയച്ചന്‍ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവജീവിതം, വി. കുര്‍ബാന കേന്ദ്രീക്യതവും, ശുശ്രൂഷാജീവിതമാണെന്നും, ദൈവത്തിന്റെ സ്ഥാനത്തുനിന്നും ദാസന്റെ സ്ഥാനത്തേക്ക് ഈശോ വന്നതുപോലെ, കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും കയറിനിന്ന് വലിയവനാകാതെ, കയറ്റിവിട്ട് വലിയയവനാകാനുള്ള വിളിയാണെന്നും പടിഞ്ഞാറേക്കരയച്ചന്‍ പറഞ്ഞു. വിശുദ്ധകുര്‍ബാന ഈശോ കത്തോലിക്കാസഭയ്ക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനമാണെന്നും, വിശുദ്ധകുര്‍ബാന നന്ദിപ്രകാശനത്തിന്റെയും പകുത്തു നല്‍കലിന്റെയും ആത്മാവിന്റെയും മനസിന്റെയും, ശരീരത്തിന്റെയും സമ്പൂര്‍ണ സമര്‍പ്പണമാണെന്നും പടിഞ്ഞാറെക്കരയച്ചന്‍ ഉത്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി