ഒബാമയുടെ ഇമിഗ്രേഷന്‍ ആക്ഷന് വീണ്ടും തിരിച്ചടി
Thursday, April 9, 2015 8:43 AM IST
ടെക്സസ്: ശരിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയവരെ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ഇമിഗ്രേഷന്‍ നിയമം നടപ്പാക്കുന്നതിനു വീണ്ടും ടെക്സസ് ഫെഡറല്‍ ജഡ്ജ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി.

ടെക്സസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ ഒബാമയുടെ ഇമിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ട് ഫെബ്രുവരി 26 ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആന്‍ഡ്രു ഹേനന്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ യുഎസ് ഗവണ്‍മെന്റ് അപ്പീല്‍ സമര്‍പ്പിക്കുകയും ഒബാമയുടെ ഇമിഗ്രേഷന്‍ ആക്ഷന്‍ തുടരുന്നതിനു അനുമതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ അപ്പീലിന്മേലാണ് കോടതി ഏപ്രില്‍ ഏഴിന് (ചൊവ്വ) ഉത്തരവിട്ടത്.

അടിയന്തരമായി ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ ഉന്നയിച്ച കാരണങ്ങള്‍ അത്യാവശ്യമാണെന്ന് കോടതി കരുതുന്നില്ല. അപ്പീല്‍ തളളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

പുറത്താക്കല്‍ ഭീഷണിയില്ലാതെ 4.7 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഒബാമ ഒപ്പുവച്ച ഇമിഗ്രേഷന്‍ ആക്ഷന്‍ ബില്‍ ഇതോടെ പ്രതിസന്ധിയിലായി. മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്കും കോടതി വിധി പ്രതികൂലമായി. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറിയവരുടേയും അമേരിക്കന്‍ പൌരന്മാരുടേയും ടാക്സ് മണി ഉപയോഗിക്കാന്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കേണ്ടതില്ല എന്നാണ് ടെക്സസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ വാദിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍