യുഎസ് കോണ്‍ഗ്രസ് അംഗം തുളസി ഗബാര്‍ഡ് വിവാഹിതയായി
Saturday, April 11, 2015 7:06 AM IST
ഹവായ്: അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ശക്തയായ നേതാവും യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു വനിതാ അംഗവുമായ തുളസി ഗബാര്‍ഡ് ഏപ്രില്‍ ഒമ്പതിനു (വ്യാഴം) വിവാഹിതയായി.

ഹവായില്‍ ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തില്‍ പ്രതി ശ്രുത വരനും ഫിയാന്‍സയുമായ ഏബ്രഹാം വില്യംസ് തുളസിയുടെ (34) കഴുത്തില്‍ വരണ്യമാല്യമണിയിച്ചു.

കാലിഫോര്‍ണിയായില്‍നിന്നുളള ഹിന്ദു പുരോഹിതന്‍ വിനോദ് ദേവാണ് വിവാഹത്തിനു കാര്‍മികത്വം വഹിച്ചത്. ചരിത്ര പ്രസിദ്ധമായ കഹാലു ഫിഷ് പോണ്ടിനു സമീപമാണ് വിവാഹ വേദി ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും യോഗ കീര്‍ത്തനത്തോടെയാണു വിവാഹ ചടങ്ങുകള്‍ സമാപിച്ചത്.

2013ല്‍ ഹവായ് സെക്കന്‍ഡ് ഡിസ്ട്രിക്ടില്‍നിന്നാണ് 34 കാരിയായ തുളസി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദുയിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗബാര്‍ഡ് യാത്രയില്‍ ഭഗവത് ഗീത എപ്പോഴും കൈവശം വച്ചിരുന്നു.

തുളസിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭര്‍ത്താവായ എഡ്വേര്‍ഡൊ റ്റമായൊയുമായുളള വിവാഹമോചനം നടന്നിരുന്നു. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയറായി തുളസി 2012 ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍