പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍കാന്‍ കാനഡ ഒരുങ്ങി
Tuesday, April 14, 2015 4:14 AM IST
ടൊറന്റോ: 1973നു ശേഷം ആദ്യമായി കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്ക്കാന്‍ ടൊറന്റോ ഒരുങ്ങി കഴിഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനു ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തിലെതന്നെ വന്‍ സജ്ജീകരനങ്ങളോടു കിടപിടിക്കത്തക്ക വണ്ണമുള്ള 'റീകോ കൊളീസിയം' ആണു മോദിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന വേദി.

1922 -ല്‍ നിര്‍മിച്ച റീകോ കൊളീസിയം സിഎന്‍എ, റോയല്‍ കനേഡിയന്‍ ഷോ എന്നിവയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണ്. സെക്യൂരിറ്റി പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നേരത്തേ തെരഞ്ഞെടുത്ത ലിസ്റില്‍ നിന്നുള്ളവര്‍ക്കു മാത്രം ആയിരിക്കും പ്രവേശനം അനുവദിക്കുക.

കാനഡ, ഇന്ത്യ ഔദ്യോഗിക ബന്ധങ്ങള്‍ക്കും, പുതിയ കരാറുകള്‍ക്കും സാധ്യതയുള്ള ഈ സമ്മേളനം ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. കാനഡയിലെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ ആയതിനാല്‍ ഈ വരവിനു പ്രാധാന്യം ഏറും. കൂടാതെ കനേഡിയന്‍ പ്രധാനമന്ത്രി ഹാര്‍പെര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു എന്നതു പുതിയ പ്രഖ്യാപനങ്ങള്‍ക്കു വഴിയൊരുക്കുന്നതാണ്
വാണിജ്യ, വ്യവസായരംഗത്ത് മോദി നടത്തിയ മാറ്റങ്ങള്‍ ഇവിടെ മാറ്റുരയ്ക്കപ്പെടും എന്നതു തീര്‍ച്ച. ഉഭയ കക്ഷി ചര്‍ച്ച, വ്യവസായ സംരംഭക ചര്‍ച്ചകള്‍ക്കു പുറമേ പതിനായിരം പേര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം വമ്പിച്ച വിജയമാകുമെന്നു സംഘാടകര്‍ അറിയിച്ചു. വിവിധ ഇന്ത്യന്‍ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഏകദേശം 18000ത്തോളം അപേക്ഷകള്‍ കിട്ടിയിരുന്നു. എന്നാല്‍ ഇത്രയും പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. 1200ലധികം സ്വയം സേവകര്‍ (വളന്റിയര്‍) സജ്ജരായിട്ടുണ്ട് .

ടോറന്റൊയിലെ ചടങ്ങിനുശേഷം വാങ്ചൂവറില്‍ ഹൈന്ദവ ,സിഖ് ആരാധനാലയങ്ങള്‍ കൂടി മോഡി സന്ദര്‍ശിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് വേള ആയതിനാല്‍ ഹാര്‍പെര്‍ ഈ സന്ദര്‍ശനത്തിനെ പ്രത്യേക താത്പര്യത്തോടെയാണു നോക്കിക്കാണുന്നത്.

റിപ്പോര്‍ട്ട്: ജയ് പിള്ള