ഗുരുശിഷ്യ ബന്ധത്തിന്റെ നന്മകളെ പുതു തലമുറയ്ക്ക് കൈമാറുക: മാത്യൂസ് മാര്‍ തിമൊത്തിയോസ് മെത്രാപ്പോലീത്ത
Tuesday, May 12, 2015 7:27 AM IST
ഷിക്കാഗോ: ദൈവത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും ലഭിച്ച നന്മകളെയും നല്ല മൂല്യങ്ങളെയും തലമുറകളിലേക്ക് കൈമാറുന്നതില്‍ വന്ന വീഴ്ചയുടെ അപകടം ആധുനിക സമൂഹത്തില്‍ പല മേഖലകളിലും കാണുവാന്‍ സാധിക്കുമെന്ന് ഡോ. മാത്യൂസ് മാര്‍ തിമൊത്തിയോസ് മെത്രാപ്പോലീത്ത.

ഷിക്കാഗോ മാവേലിക്കര ബിഷപ് മൂര്‍ കോളജ് അലൂമ്നി അസോസിയേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ബിഷപ് മൂര്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപനുമായ മാത്യൂസ് മാര്‍ തിമൊത്തിയോസ് മെത്രാപ്പോലീത്ത.

മേയ് 10 നു (ഞായര്‍) വൈകുന്നേരം ഏഴിനു ഡസ്പ്ളയിന്‍സില്‍ (733 ടമിറ്യ ഘമില, ഉല ജഹമശില 60016) കൂടിയ സമ്മേളനത്തില്‍ ആദ്യമായി ഷിക്കാഗോയില്‍ എത്തിയ മാത്യൂസ് മാര്‍ തിമോത്തിയോസിനെ പ്രസിഡന്റ് റവ. മാത്യു ഇടിക്കുള, ഐപ്പ് സി. വര്‍ഗീസ് പരിമണം എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സംഗമം തന്റെ കലാലയ ജീവിതത്തിന്റെ നിറമുളള ഓര്‍മകളെ ഒരിക്കല്‍കൂടി സ്മൃതി പഥത്തില്‍ കൊണ്ടുവരുവാനുളള വേദിയായി കുടുംബമായി ഒത്തുകൂടിയതിലുളള അതിയായ സന്തോഷവും മെത്രാപ്പോലീത്ത അറിയിച്ചു.

ബിഷപ് മൂര്‍ കോളജ് അലൂമ്നി അസോസിയേഷന്‍ പ്രസിഡന്റ് റവ. മാത്യു ഇടിക്കുള അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബെന്നി പരിമണം ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഫ. തമ്പി മാത്യു, പാസ്റര്‍ സ്റീഫന്‍സണ്‍, സിനില്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അലൂമ്നി അസോസിയേഷന്റെ ഉപഹാരം ട്രഷറര്‍ ഡോ. ബിനു ഫിലിപ്പ് നല്‍കി. സഭാ സമൂഹ്യ മേഖലകളിലും ആഗോള ക്രൈസ്തവ പ്രസ്ഥാനങ്ങളിലും തനതായ വ്യക്തി പ്രഭാവം കൊണ്ട് തിളങ്ങി നില്‍ക്കുന്ന തിരുമേനിയുമായുളള ഒത്തുചേരല്‍ സമ്മാനിച്ച സന്തോഷത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും ഡാനിയേല്‍ സി. വര്‍ഗീസ് നന്ദി പറഞ്ഞു.