പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് സമാപിച്ചു
Friday, May 29, 2015 5:19 AM IST
പോര്‍ട്ട്ചെസ്റ്റര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് 16നു പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് വിജയകരമായി നടന്നു. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തിലും ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസിന്റെ സഹകരണത്തിലും നടത്തപ്പെട്ട പ്രാര്‍ഥനയോടെ പരിപാടികള്‍ക്കു തുടക്കമായി. വെസ്റ് ചെസ്റര്‍ പള്ളിവികാരി റവ. ഡോ. ജോര്‍ജ് കോശി സ്വാഗതം പറഞ്ഞു. പൌരോഹിത്യശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ നിക്കോളോവോസിന് അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു.

ദൈവത്തെ മുന്‍നിര്‍ത്തിയ കുടുംബം ഉദാത്തമായ ക്രിസ്തീയ മാതൃക എന്ന ബൈബിള്‍ വചനഭാഗം (യോശുവ 24:15) ആധാരമാക്കി സന്ദേശം നല്‍കി മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് മുഖ്യപ്രഭാഷകന്‍ ഫാ. ഏബ്രഹാം ജോര്‍ജ്, ഗ്രൂപ്പ് ചര്‍ച്ചകളുടെ നേതൃത്വം വഹിക്കാനെത്തിയ റവ. ഡോ. ചാഡ് ഹാര്‍ട്ട്ഫീല്‍ഡ്, അദ്ദേഹത്തിന്റെ പത്നി മറ്റുഷ്ക തെക്കല, ഫാ. സുജിത് തോമസ്, ഡോ. ജസ്റിന്‍ സഖറിയ എന്നിവരെ മര്‍ത്തമറിയം വൈസ് പ്രസിഡന്റ് ഫാ. ടി.എ. തോമസ് പരിചയപ്പെടുത്തി.

റവ. കെ. മത്തായി കോര്‍ എപ്പിസ്കോപ്പാ, റവ. ആദായി പൌലോസ് കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്കോപ്പ, റവ. ഡോ ജോര്‍ജ് കോശി, ഫാ. ജോര്‍ജ് മാത്യു, ഫാ. മാത്യു തോമസ്, ഫാ. അലക്സ് കെ ജോയ്, റവ. ഡോ. രാജു വര്‍ഗീസ്, ഫാ. ഷിബു ഡാനിയേല്‍, ഫാ. വി. എം. ഷിബു, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ബോബി പീറ്റര്‍, ഫാ. പൌലൂസ് ടി. പീറ്റര്‍, റവ. ഡീക്കന്‍ ഗീവര്‍ഗീസ് കോശി എന്നിവര്‍ സന്നിഹിതരായിരുന്നു. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിച്ച സെന്റ് ജോര്‍ജ് ഇടവകയിലെ റവ. ഡോ. ജോര്‍ജ് കോശിയുടെയും ഇടവകാംഗങ്ങളുടെയും മര്‍ത്തമറിയം സമാജത്തിലെ അംഗങ്ങളുടെയും സഹകരണത്തിനു കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഷൈനി രാജു നന്ദി അറിയിച്ചു.

സത്യസന്ധവും സുതാര്യവുമായ ദൈവഭയം കുടുംബജീവിതത്തിന്റെ അടിസ്ഥാനശില എന്ന വിഷയത്തെകുറിച്ച് ഫാ. ഏബ്രഹാം ജോര്‍ജ്(എബിയച്ചന്‍) മുഖ്യപ്രഭാഷണം നടത്തി. ആരാധനയും സ്തുതിയും ഓര്‍ത്തഡോക്സ് പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. സുജിത് തോമസ് നടത്തിയ സെഷന്‍ ശ്രദ്ധേയമായി. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ കുട്ടികളുടെ ആശുപത്രിയില്‍ ഹൃദ്രോഗവിദഗ്ധനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജസ്റിന്‍ സഖറിയ ശിശുക്കളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് നടത്തിയ വര്‍ക് ഷോപ്പ് വിജ്ഞാനപ്രദമായി. മിഷനറി ദമ്പതികളായ റവ. ഡോ. ചാഡ് ഹാര്‍ട്ട്ഫീല്‍ഡും മറ്റുസ്ക തെക്ള ഹാര്‍ട്ട്ഫീല്‍ഡും സഭയും പ്രേഷിതശുശ്രൂഷയും എന്ന വിഷയത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ആഴത്തില്‍ അപഗ്രഥിച്ചു സംസാരിച്ചു. സെന്റ് ജൂലിയാന സൊസൈറ്റിയുടെ സ്ഥാപകയും സെന്റ് വ്ളാഡിമിര്‍ സെമിനാരി പ്രവര്‍ത്തകയുമായ മറ്റുസ്ക ഹാര്‍ട്ട്ഫീല്‍ഡും റവ. ഡോ. ചാഡ് ഹാര്‍ട്ട്ഫീല്‍ഡും ആഫ്രിക്ക മുതല്‍ അലാസ്ക വരെ പ്രേഷിതശുശ്രൂഷ ചെയ്യുന്നു.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച്,പൌരോഹിത്യ ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ നിക്കോളോവോസിന് ആയുരാരോഗ്യങ്ങളും മംഗളങ്ങളും നേര്‍ന്നു സംഘടിപ്പിച്ച ചടങ്ങില്‍ മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. സെന്റ് ജോര്‍ജ് ഇടവകാംഗം അലക്സാണ്ടര്‍ വര്‍ഗീസ് തിരുമേനിക്കുവേണ്ടി തയാറാക്കിയതായിരുന്നു കേക്ക്.

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനകൌണ്‍സില്‍ അംഗങ്ങളായ അജിത് വട്ടശേരില്‍, ഷാജി കെ. വര്‍ഗീസ്, മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗം പോള്‍ കറുകപ്പിള്ളി, സമാജം ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മര്‍ത്തമറിയം സമാജം നോര്‍ത്ത് ഈസ്റ് ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ. ടി.എ. തോമസ് യോഗനടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി സാറാ വര്‍ഗീസ് നന്ദി അറിയിച്ചു. മാര്‍ നിക്കോളോവോസിന്റെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും കോണ്‍ഫറന്‍സ് സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍