ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിസിനസ് മീറ്റ് നടത്തി
Thursday, June 25, 2015 5:31 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജൂണ്‍ നാലിനു വൈകുന്നേരം 6.30-ന് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് അസോസിയേഷന്റെ സൌഹൃദകൂട്ടായ്മ നടന്നു. അംബാസിഡര്‍ ജ്ഞാനേശ്വര്‍ മുലായ് ആയിരുന്നു മുഖ്യാതിഥി. വൈകുന്നേരം ഏഴിനു ഇന്ത്യന്‍-അമേരിക്കന്‍ ദേശീയഗാനത്തോടു കൂടി പരിപാടികള്‍ ആരംഭിച്ചു. നേപ്പാള്‍ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കായി മൌനപ്രാര്‍ഥന നടത്തി.

തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് മൊഹീന്ദര്‍ വര്‍മ സ്വാഗത പ്രസംഗം നടത്തി. ന്യൂയോര്‍ക്ക് സിറ്റി മേയറുടെ പ്രതിനിധി റോഡ്നി കാര്‍വന്‍ജല്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ ബിസിനസ് പോളിസിയെക്കുറിച്ചും ഇന്ത്യക്കാര്‍ വ്യാവസായിക മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ചും പ്രശംസിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് സ്റേറ്റ് സെനറ്റര്‍ ഡേവിഡ് വെപ്രിന്‍ സെറ്റേഷന്‍ നല്‍കി സംഘടനയെ ആദരിച്ചു.

അംബാസിഡര്‍ തന്റെ പ്രസംഗത്തില്‍ ഇന്ത്യക്കാരുടെ വിവിധ മേഖലകളിലുള്ള വളര്‍ച്ചയെക്കുറിച്ച് ഊന്നി പറയുകണ്ടായി. കമ്പനികളുടെ തലപ്പത്തിരിക്കുന്ന ധാരാളം സി.ഇ.ഒമാര്‍, രാഷ്ട്രീയ രംഗത്ത് രണ്ട് സംസ്ഥാനങ്ങളിലുള്ള ബോബി ജിന്‍ഡാല്‍, നിക്കി ഹേലി എന്നിവരെ പ്രശംസിച്ചു. കൂടുതല്‍ ആളുകള്‍ മുഖ്യധാരയിലേക്ക് വരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രമുഖ വ്യവസായികളെ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് കൃതിക, പിങ്കു, ജസീക്ക എന്നിവര്‍ നയിച്ച ഡാന്‍സും അരങ്ങേറി. നന്ദി പ്രകാശനത്തോടും സ്നേഹവിരുന്നോടുംകൂടി രാത്രി ഒമ്പതോടെ യോഗം അവസാനിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് മാധവന്‍ നായര്‍, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം