ഐഎന്‍ഒസിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പു അവലോകനവും ആലോചന യോഗവും നടത്തി
Saturday, June 27, 2015 8:22 AM IST
ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയായുടെ (കേരള ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിനു (വെളളി) വൈകുന്നേരം ഏഴിനു സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓഗസ്റില്‍ ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തെ കുറിച്ചും ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി ഗതികളെ കുറിച്ചുമുളള ആലോചനായോഗം സംഘടിപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചൂടുവാനും അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ച് അകാലത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ വിജയിപ്പിക്കേണ്ടിയത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. അരുവിക്കര നിയോജക മണ്ഡലത്തിലെ സമ്മതിദാനാവകാശക്കാര്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ളാദിച്ചിട്ടുളളവര്‍ എന്നും മുന്നോട്ടുളള നാടിന്റെ വികസന കാര്യത്തില്‍ മുന്നണി ബന്ധം പോലും നോക്കാതെ എത്രയും വേഗം ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഠിന പ്രയത്നം ചെയ്യുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് കൈത്താങ്ങായി ഈ ഉപതെരഞ്ഞെടുപ്പ് മാറണമെന്നും വ്യക്തി സ്വാതന്ത്യ്രം അപകടകരമാം വിധം വളര്‍ത്തിക്കൊണ്ടിരിക്കുന്ന ജാതി കോമരങ്ങളെയും അക്രമ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണവുമായ ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും അരാചകത്വ രാഷ്ട്രീയം നടത്തുവാന്‍ കേരളക്കരയില്‍ ഇനിയെങ്കിലും അനുവദിച്ചു കൂടെന്നും യോഗം ഒന്നടങ്കം പറഞ്ഞു.

യോഗത്തില്‍ കുര്യന്‍ രാജന്‍ (പ്രസിഡന്റ് കേരളചാപ്റ്റര്‍) അധ്യക്ഷത വഹിച്ചു. ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥിയായ അരുവിക്കര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ശബരീനാഥിനെ ഫോണില്‍ വിളിച്ച് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ വിജയാശംസകള്‍ സജി കരിങ്കുറ്റി (വൈസ് പ്രസിഡന്റ് കേരള ചാപ്റ്റര്‍) അറിയിച്ചു.

തുടര്‍ന്നു ഓഗസ്റില്‍ ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിനെ കുറിച്ച് ജോബി ജോര്‍ജ് (ഐഎന്‍ഒസി നാഷണല്‍, പ്രസിഡന്റ്) യോഗത്തില്‍ അറിയിക്കുകയും ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന സ്മരണികയുടെ കമ്മിറ്റിയിലേക്ക് ജീമോന്‍ ജോര്‍ജിനേയും അലക്സ് തോമസിനേയും നോമിനേറ്റു ചെയ്യുകയും ദേശീയ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പോയി പങ്കെടുക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.

സന്തോഷ് ഏബ്രഹാം (സെക്രട്ടറി), ബാബു മാരാട്ട് (ട്രഷറര്‍), ഫിലിപ്പോസ് ചെറിയാന്‍ (ജോ. ട്രഷറര്‍) യോഹന്നാന്‍ ശങ്കരത്തില്‍(വൈസ് പ്രസിഡന്റ്) കുര്യാക്കോസ് ഏബ്രഹാം, ഈപ്പന്‍ മാത്യു, തോമസ് എം. ജോര്‍ജ്, സാജന്‍ വര്‍ഗീസ് തുടങ്ങിയവരും നിരവധി കോണ്‍ഗ്രസ് അനുഭാവികളും യോഗത്തില്‍ പങ്കെടുത്തു.