ഹിന്ദുത്വം സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര മാനവദര്‍ശനം: കുമ്മനം
Tuesday, July 14, 2015 5:56 AM IST
ന്യുയോര്‍ക്ക്: സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര മാനവദര്‍ശനമാണ് ഹിന്ദുത്വമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഹിന്ദു സംഘടനകളുടെ വൈകാരികമായ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന ഹിന്ദു സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

'മാനവസേവ മാധവസേവ' എന്ന ആശയപ്രചാരണത്തിലൂടെ ഹിന്ദു ഐക്യത്തിന്റെ തിരിതെളിച്ചവരാണ് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, മന്നത്ത് പത്മനാഭന്‍, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍, ടി.കെ. മാധവന്‍, ശുഭാനന്ദഗുരുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവര്‍. കേരളത്തിലെ ഹൈന്ദവ നേതാക്കളുടെ നവോഥാന പ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടായ നേട്ടങ്ങളെ രാഷ്ട്രീയനേതാക്കള്‍ അട്ടിമറിക്കുകയും മതവര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും ചെയ്തതാണ് ഇന്നത്തെ വിനാശങ്ങള്‍ക്ക് കാരണം. മതപരിവര്‍ത്തനവും മതഭീകരതയും കൈകോര്‍ത്ത് താണ്ഡവമാടുന്ന കേരളത്തില്‍ ഇനിയൊരു നവോഥാനം സാധ്യമാകണമെങ്കില്‍ അത് ഹിന്ദു ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ഹിന്ദുത്വം ദേശീയതയാണ്. അത് ജീവിതരീതിയാണ്. സമഗ്ര മാനവദര്‍ശനത്തിലൂടെ ഹിന്ദുഐക്യം സാധ്യമാകണം.

സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നത് അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വോട്ടുബാങ്കായതുകൊണ്ടാണ്. ഹിന്ദുവിനുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഭയമാണ്. ഹിന്ദുവിന്റെ പേരുപറയുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് കാരണം. സംഘടിക്കുന്ന സമൂഹത്തെയും രാഷ്ട്രത്തെയും മാത്രമേ ലോകം അംഗീകരിക്കൂ. ജനസംഖ്യ ഇന്നത്തെ തോതില്‍ വര്‍ധിച്ചാല്‍ താമസം വിനാ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ഹിന്ദുക്കളുടേത് സംഘടിത മതമല്ല. ഋഷിശ്രേഷ്ഠന്മാരുടെ തപസിന്റെ ഫലമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ പ്രാപഞ്ചിക സത്യമാണ് ഹിന്ദുദര്‍ശനം. ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് രാഷ്ട്രീയക്കാര്‍ മുതലെടുക്കുകയാണ്. ഇച്ഛാശക്തി വീണ്െടടുത്ത് പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഹിന്ദുസമൂഹം തയാറാകണം. കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടിവി മാനേജിംഗ് എഡിറ്റര്‍ പി. വിശ്വരൂപന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശിവദാസന്‍ നായര്‍ സ്വാഗതവും മനോജ് കൈപ്പള്ളി നന്ദിയും പറഞ്ഞു.