മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായി
Tuesday, July 14, 2015 6:12 AM IST
പെല്‍സില്‍വാനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട്, 29 -ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ ജൂലൈ 15നു തുടക്കമാകും.

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യം അതിഭദ്രാസനത്തിന്റെ ചരിത്രത്തിലാദ്യമായി കുടുംബമേളയുടെ ആദ്യവസാനം ഉണ്ടായിരിക്കുമെന്നതാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ സവിശേഷത. പരിശുദ്ധ ബാവയോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നതിനും അതുവഴി ശ്ളൈഹിക വാഴ്വുകള്‍ സ്വീകരിച്ച് ആത്മീയ നിറവില്‍ സമ്പന്നരാകുന്നതിനുളള ആ അസുലഭ സന്ദര്‍ശനത്തിനായി ആകാംഷയോടെ കാത്തിരുന്ന സുദിനം സമാഗതമായതിന്റെ സന്തോഷത്തിലാണു വിശ്വാസികളേവരും.

ഭദ്രാസനാധിപന്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ സജീവ മേല്‍നോട്ടത്തിലും ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും ആത്മീയത നിറഞ്ഞു നില്‍ക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ കൊണ്ടും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ മേളയുടെ പ്രൌഡ ഗംഭീരമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍മാരായ റവ. മാത്യു തോമസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ (ഭദ്രാസന സെക്രട്ടറി), സാജു പൌലോസ് മാരോത്ത് (ഭദ്രാസന ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

'ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടു വേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മാണം (1 കൊരി:3-9) എന്നതായിരിക്കും ഈ വര്‍ഷത്തെ സെമിനാറിന്റെ പ്രധാന ചിന്താവിഷയം. മലങ്കര സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും പ്രഗല്ഭ വാഗ്മിയുമായ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ റീജണ്‍) മുഖ്യ പ്രഭാഷകനായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ യാക്കോബ് എഡ്വേര്‍ഡ് മാര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ അനുഗ്രഹീത സാന്നിധ്യവും വേളയില്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍