പാന്‍ അമേരിക്കന്‍ കായികമേളയ്ക്ക് ഒന്റാരിയോയില്‍ തുടക്കമായി
Thursday, July 16, 2015 5:20 AM IST
ഒന്റാരിയോ (കാനഡ): 41 രാജ്യങ്ങള്‍ പങ്കെടുക്കുന്ന പതിനേഴാമത് പാന്‍ അമേരിക്കന്‍ കായികമേളയ്ക്ക് (പാന്‍ ആം ഗെയിംസ്) ഒന്റാരിയോയില്‍ തുടക്കമായി. അമേരിക്കന്‍ രാഷ്ട്രങ്ങള്‍ സംയുക്തമായി നടത്തുന്ന വേനല്‍ കായികമേളയില്‍ 6135 കായിക താരങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. മുപ്പതോളം വേദികളിലായി പതിനാറു ദിവസങ്ങളിലായിട്ടാണു മത്സരം.

കായികമേളയുടെ ഉദ്ഘാടനം കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റണ്‍ ടൊറന്റോയില്‍ നിര്‍വഹിച്ചു. വെള്ളത്തിനും വായുവിനും മരങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം നന്ദി പറഞ്ഞ് ഹാമില്‍ട്ടന്‍ വേദിയുടെ ഉദ്ഘാടനം ഇവിടുത്തെ ആദിമജനതയുടെ പ്രതിനിധിയാണു നിര്‍വഹിച്ചത്. ചടങ്ങില്‍ ഹാമില്‍ട്ടന്‍ എംപിമാരായ വെയ്ന്‍ മാര്‍സ്റന്‍, ഡേവിഡ് ക്രിസ്റഫര്‍സന്‍, മേയര്‍ ഫ്രെഡ് ഐസെന്‍ബെര്‍ഗര്‍, ലോയ്ഡ് ടേണര്‍ തുടങ്ങിയവരും പങ്കെടുത്തു.

കനേഡിയന്‍ ജനതയുടെ അവിഭാജ്യഘടകമായ സൌത്ത് ഏഷ്യന്‍ ഹെറിട്ടേജ് അസോസിയേഷനും പ്രസിഡന്റ് ഇന്ദു സിംഗിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയിലും കലാപരിപാടികളിലും പങ്കെടുത്തു.

സ്വരമുദ്ര ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തില്‍ നടന്ന ജനശ്രദ്ധ നേടിയ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തപരിപാടികള്‍ക്കു സുജാത സുരേഷും വിനയ ഗോപാലുമാണ് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: സുരേഷ് നെല്ലിക്കോഡ്