മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്നു പേര്‍ മരിച്ച സംഭവം: ഇന്ത്യന്‍ യുവാവിന്റെ ജാമ്യസംഖ്യ ഇരട്ടിയാക്കി
Thursday, July 16, 2015 6:55 AM IST
ന്യൂജേഴ്സി: മദ്യ ലഹരിയില്‍ വാഹനമോടിച്ചു മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മാതാവും പിതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ ജൂലൈ 11നു അറസ്റിലായ ഇന്ത്യന്‍ യുവാവ് ബവല്‍ ഉപാലിന്റെ ജാമ്യസംഖ്യ 3,00,000 ഡോളറില്‍ നിന്നും 7,50,000 ആയി വര്‍ധിപ്പിച്ചു. കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ ഡൌണ്‍ ടൌണില്‍ നിന്നും ന്യൂജേഴ്സി ടീനക്കിലേക്കുളള 1-80 ഹൈവേയിലാണ് അപകടമുണ്ടായത്.

കണ്‍സ്ട്രക്ഷന്‍ സോണില്‍ ബവല്‍ ഉപാല്‍ ഓടിച്ചിരുന്ന കാഡിലാക് എസ്കലേഡ് കിയാ കാറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ യുവാവായ ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും ബാക്ക് സീറ്റില്‍ ഇരുന്നിരുന്ന ഒരു കുഞ്ഞും വെന്തുമരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ജൂലൈ 12നു മോറിസ് കൌണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജാമ്യ സംഖ്യയായി ആദ്യം നിശ്ചയിച്ചിരുന്ന 3,00,000 ഡോളര്‍, കേസ് കേട്ട ശേഷം 7,50,000 ഡോളറായി വര്‍ധിപ്പിക്കുകയായിരുന്നു. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങള്‍ക്ക് പിടിയിലായതിനാലാണ് പ്രതിയുടെ ജാമ്യ സംഖ്യ ഇരട്ടിയാക്കാന്‍ കോടതി തീരുമാനിച്ചത്.

50 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മോറിസ് കൌണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നു. ആറു വര്‍ഷത്തിനുളളില്‍ ആറു തവണയാണ് ഇന്ത്യന്‍ യുവാവിനെ വിവിധ കുറ്റങ്ങള്‍ക്ക് പോലീസ് അറസ്റു ചെയ്തത്. അടുത്തിടെയാണ് മലിന സിംഗ് എന്ന ഇന്ത്യന്‍ യുവതി മദ്യ ലഹരിയില്‍ വാഹനമോടിച്ചു വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുറ്റ സമ്മതം നടത്തിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍