വിസ തട്ടിപ്പ് നടത്തിയ മൂന്നു ടൊറന്റോ നിവാസികള്‍ അറസ്റില്‍
Monday, July 20, 2015 4:45 AM IST
മിസിസാഗ: ഇമിഗ്രേഷന്‍ തട്ടിപ്പ് കേസില്‍ മൂന്നു മിസിസാഗാ സ്വദേശികള്‍ക്കു മുകളില്‍ 37 ചാര്‍ജുകള്‍ ചുമത്തി. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (സിബിഎസ്എ) ആണ് ഇവരുടെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. മിസിസാഗയിലെ വീട്ടില്‍നിന്നാണ് കഴിഞ്ഞ ആഴ്ച ഇവരെ അറസ്റ് ചെയ്തതെന്നാണ് ഏജന്‍സി വെളിപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നുമാസത്തെ അന്വേഷണത്തിനു ശേഷമാണ് ഇവരെ സെര്‍ച്ച് വാറന്റുമായെത്തിയ ഓഫീസര്‍മാര്‍ അറസ്റ് ചെയ്തത്. ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഇവരുടെ മേല്‍ നിരവധി കേസുകളാണു ചുമത്തിയിരിക്കുന്നത്.

അറസ്റിലായവരില്‍ എലിസ ലസാറോയും സെസിലിയ ബൌറ്റിസ്റയും നിയമാനുസൃതമല്ലാതെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണു അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ ആരോപിക്കുന്നത്. ഇതിലൂടെ അവര്‍ ജനങ്ങള്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറുകയും, അതു വഴി കനേഡിയന്‍ വിസ സംഘടിപ്പിക്കുകയുമായിരുന്നുവെന്നാണു വെളിപ്പെട്ടിരിക്കുന്നത്. ഈ തട്ടിപ്പുകളില്‍ ലസാറൊയുടെ ഭര്‍ത്താവും പങ്കാളിയായതിനാല്‍ അയാളെയും അറസ്റ് ചെയ്യുകയായിരുന്നുവെന്നാണു അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

2009 മുതല്‍ എലിസ ലസാറൊ ലൈസന്‍സില്ലാതെ ഒരു ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നുവെന്നാണു സിബിഎസ്എ കുറ്റപ്പെടുത്തുന്നത്. വീസയും വര്‍ക്ക് പെര്‍മിറ്റും സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് ക്ളൈന്റുകളില്‍നിന്ന് അവര്‍ വന്‍ തുക ഫീസായി ഈടാക്കിയിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ മേല്‍ മൊത്തം 37 ചാര്‍ജുകളാണു ചുമത്തിയിരിക്കുന്നത്. തെറ്റായ അവതരണം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. കഴിഞ്ഞ ബുധനാഴ്ച മൂന്നു പേരെയും ബ്രാംപ്ടണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജയ് പിള്ള