ഐഎന്‍എഐ പ്രതിഷേധിച്ചു
Saturday, August 22, 2015 8:08 AM IST
ഷിക്കാഗോ: 'ആറെന്‍' എന്ന തലക്കെട്ടില്‍ മലയാളം മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കവിതയും അതു പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രതിഷേധിച്ചു.

ഓഗസ്റ് 17നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് സാറ ഗബ്രിയേല്‍, ഐഎന്‍എഐ മുന്‍ പ്രസിഡന്റുമാരായ ഡോ. അജിമോള്‍ ലൂക്കോസ്, ടി.സി. സിറിയക്, ഫിലോ ഫിലിപ്പ് എന്നിവരും മറിയാമ്മ പിള്ള, ജൂലി തോമസ്, മോളി സക്കറിയ, ഡോ. സിമി ജോസഫ്, സൂസന്‍ ഇടമല, ചിന്നമ്മ ഫിലിപ്പ്, ആഗ്നസ് മാത്യു, സൂസന്‍ മാത്യു, തങ്കമ്മ പോത്തന്‍, ലിസ സിബി എന്നിവര്‍ സംബന്ധിച്ചു.

ലോകം നോക്കി കാണുന്ന തങ്ങളുടെ കരുണാദ്രമായ സേവനംകൊണ്ട് എന്നും മുക്തകണ്ഠം പ്രശംസനേടുകയും ചെയ്യുന്ന നഴ്സിംഗ് പ്രഫഷനേയും അമേരിക്കന്‍ മലയാളി നഴ്സുമാരെയും വികലവും മ്ളേഛമായും ചിത്രീകരിച്ചിരിക്കുന്നതിനെ ഏവരും ശക്തമായി അപലപിച്ചു. എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യവാസനകളെ സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന വിധത്തില്‍ ഉപയോഗിക്കാതെ പബ്ളിസിറ്റിക്കുവേണ്ടി തരംതാണ രീതിയിലേക്ക് പോകുന്നത് തികച്ചും സ്വീകാര്യമല്ലാത്ത കാര്യമാണ്. ഏതു ജോലിക്കും അതിന്റേതായ മാന്യതയും മഹത്വമുണ്െടന്ന് ഇക്കൂട്ടര്‍ മറുന്നുപോകുന്നു.

സെക്രട്ടറി ജൂബി വള്ളിക്കളം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മേരി റജീന സേവ്യര്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം