യുഎസ് ടെക്നിക്കല്‍ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ കുടിയേറ്റസമൂഹം
Tuesday, August 25, 2015 5:14 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരായ മാതാപിതാക്കള്‍, തങ്ങളുടെ മക്കള്‍ കണക്കിലും സയന്‍സിലുമൊക്കെ മിടുക്കരായി വളരണമെന്നാഗ്രഹിക്കുന്നത്, സാമൂഹ്യശ്രേണിയിലെ ഉയരങ്ങളിലേക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ടുതന്നെയാണ്. എന്നാല്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള യുഎസ് കോര്‍പറേഷനുകളിലൊക്കെയും ഇന്ത്യന്‍ കുടിയേറ്റസമൂഹം എക്സിക്യൂട്ടീവ് ചുമതലകളിലെത്തിപ്പെടുന്നതിന് പിന്നില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനൊപ്പം, ലാളിത്യത്തിലും മൂല്യങ്ങളിലും പരസ്പരസഹവര്‍ത്തിത്വത്തിലും അടിയുറച്ച ഇന്ത്യന്‍ സംസ്കാരവും നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നാണു വിലയിരുത്തല്‍.

മൈക്രോസോഫ്റ്റ് സിഇഒ ആയി നിയമിക്കപ്പെട്ട സത്യ നദെല്ലയ്ക്ക് പിന്നാലെ അടുത്തിടെ ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവായുള്ള സുന്ദര്‍ പിച്ചെയുടെ നിയമനവും ഈ ഒരു വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യന്‍ കുടിയേറ്റസമൂഹം സാരഥ്യമേകുന്ന അഡോബ് സിസ്റംസ്, നോക്കിയ, ഗ്ളോബല്‍ ഫൌണ്ട്റീസ്, മാസ്റര്‍ കാര്‍ഡ്, തുടങ്ങിയ കമ്പനികള്‍ക്കൊപ്പം നദെല്ലയുടെയും പിച്ചെയുടെയും രംഗപ്രവേശം കൂടിയായതോടെ ഇന്ത്യന്‍സംസ്കാരത്തിനും ഇവിടുത്തെ രൂപപ്പെടലിനും മൂല്യമേറിയതായി സാംസ്കാരിക വിദഗ്ധരും ഇന്ത്യന്‍ എക്സിക്യൂട്ടിവുകളും വിലയിരുത്തുന്നു.

മികച്ച വിദ്യാഭ്യാസ അടിത്തറയ്ക്കൊപ്പം ടെക്നിക്കല്‍ മികവും സാങ്കേതികരംഗത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ ആവശ്യമാണ്, സിലിക്കോണ്‍ വാലി സംരംഭകര്‍ പറയുന്നു. എന്റപ്രനീരിയല്‍ മികവിനൊപ്പം ജോലിസംബന്ധമായി പുലര്‍ത്തേണ്ട ധാര്‍മികതയെയും ഇന്ന് സമൂഹം വിലമതിക്കുന്നു. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റിറ്റ്യുട്ടിന്റെ കണക്കനുസരിച്ച് ടോപ്പ് എക്സിക്യൂട്ടീവ്സിനു പുറമേ 89000 ഇന്ത്യക്കാര്‍ സിലിക്കോണ്‍വാലിയില്‍ താമസിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോയിലും ഓക്ളന്‍ഡിലുമായി മറ്റൊരു 86,000 പേരും താമസിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍