ട്രൈസ്റേറ്റില്‍ 'ഓര്‍മകളുണര്‍ത്തും പൊന്നോണം' മലയാളിപ്പെരുമയുടെ പൂപ്പൊലിയായി
Saturday, August 29, 2015 8:59 AM IST
ഫിലാഡല്‍ഫിയ: ട്രൈസ്റ് കേരള ഫോറം 15 സംഘടനകളെ ഒരുമിപ്പിച്ചുകൊണ്ടാടിയ 'ഓര്‍മകളുണര്‍ത്തും പൊന്നോണം'  മലയാളിപ്പെരുമയുടെ പൂപ്പൊലിയായി. പ്രശസ്ത പ്രഭാഷക ഡോ. നിഷാ പിള്ള, ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സജി കരിങ്കുറ്റി, ട്രഷറാര്‍ ഈപ്പന്‍ മാത്യു, ഓണാഘോഷ സമിതി ചെയര്‍മാന്‍ റോണി വര്‍ഗീസ്, എക്സിക്യൂസീട്ടിവ് വൈസ് ചെയര്‍മാന്‍ സുധ കര്‍ത്ത, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അല്‍ടോബന്‍ ബര്‍ഗര്‍ എന്നിവര്‍ ചേര്‍ന്ന് ഓണവിളക്ക് തെളിച്ചു. ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ഓണജനാവലി സാക്ഷിയായി.

വിനയത്തിന്റെയും സഹജീവി ബോധത്തിന്റെയും സദ്ഭരണത്തിന്റെയും സത്യ സന്ധതയുടെയും അഹംഭാവം വെടിയുന്നതിന്റെയും മഹാസന്ദേശമാണ് ഓണം  പൂക്കളമിടുന്നതെന്ന് ഡോ. നിഷാ പിള്ള പറഞ്ഞു.

അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ 15 സംഘടനകള്‍ ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് ഇതു 13-ാം തവണയാണെന്ന് ചെയര്‍മാന്‍ രാജന്‍ സാമുവല്‍ പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷങ്ങളായി ട്രൈസ്റേറ്റ് കേരള ഫോറം നിര്‍വഹിക്കുന്ന ഈ സാമൂഹ്യ സേവന മാതൃകയില്‍ നിന്നാണ് അമേരിക്കയിലെ സാഹോദര സംഘടനകള്‍ വെളിച്ചം സ്വീകരിച്ച് ഓണാഘോഷത്തിന്റെ അര്‍ഥവ്യാപ്തിക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സജി കരിങ്കുറ്റി ചൂണ്ടിക്കാട്ടി.

എം.സി. സേവ്യര്‍ (മികച്ച സമൂഹ സേവനം), ജോയി കടുകമ്മാക്കല്‍ (തീയേറ്റര്‍ പയനിയര്‍), ഷാജി വര്‍ഗീസ് ( മികച്ച സാമൂഹിക സേവകനായ ബിസിനസുകാരന്‍) എന്നിവര്‍ 2015 വര്‍ഷത്തെ ട്രൈസ്റേറ്റ് കേരള ഫോറം അവാര്‍ഡ് ജേതാക്കളായി. മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍  ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാക്കളെ നിശ്ചയിച്ചത്. മുന്‍ ചെയര്‍മാന്‍മാരായ ജോര്‍ജ് നടവയല്‍, സുധ കര്‍ത്താ, സുരേഷ് നായര്‍, പ്രസ് ക്ളബ് ദേശീയ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ജേതാക്കളെ അഭനന്ദിച്ചു.

ട്രൈസ്റേറ്റ് ഓണാഘോഷത്തില്‍ 'കര്‍ഷക രത്ന' അവാര്‍ഡിനുള്ള അടുക്കളത്തോട്ട മത്സരം നടത്തി. മത്സര സമിതി ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ അടുക്കളത്തോട്ട മത്സരത്തിനു നേതൃത്വം നല്‍കി. ട്രോഫിയും 500 ഡോളര്‍ കാഷ് പ്രൈസും അടങ്ങിയ അവാര്‍ഡ് കുര്യാക്കോസ് ഏബ്രാഹവും കുടുംബവും നേടി. ഏലിയാസ്  പി. പോളും കുടുംബവും രണ്ടാ സ്ഥാനവും എം.എ. മാത്യുവും കുടുംബവും മൂന്നാം സ്ഥാനവും തോമസ് കണ്ണാടനും കുടുംബവും നാലാം സ്ഥാനവും നേടി.

എം.സി. സേവ്യര്‍ നേതൃത്വം നല്‍കി, രണ്ടു ദിനങ്ങളിലായി നടന്ന വാശിയേറിയ വോളിബോള്‍ മത്സരത്തില്‍ ഫിലഡല്‍ഫിയയിലെ ഗ്രെയ്സ് പെന്തക്കോസ്റല്‍ ചര്‍ച്ച്, സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീമുകള്‍ യഥാക്രം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കുടമയായി ട്രോഫിയും കാഷ് പ്രൈസുകളും സ്വന്തമാക്കി.

ട്രൈസ്റേറ്റ് ഏരിയായില്‍ ഏഷ്യാനെറ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തകനു നല്‍കുന്ന 2015 വര്‍ഷത്തെ അവാര്‍ഡിന് ഫീലിപ്പോസ് ചെറിയാന്‍ അര്‍ഹനായി. റീജണല്‍ മാനേജര്‍ വിന്‍സന്റ് ഇമ്മാനുവല്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ജേതാവിനെ അഭിനന്ദിച്ചു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി ടീമിന്റെ ചെണ്ട മേളം ഒന്നാം കാലം, രണ്ടാം കാലം, മൂന്നാംകാലം എന്നിങ്ങനെ താളവട്ടമുതിര്‍ത്തു. ജോസഫ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാവേലിയെ മുത്തുക്കുടകള്‍ ചൂടിച്ച് ഓണാഘോഷയാത്ര മഴവില്‍ നിറമാക്കി. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ), പെന്‍സില്‍വേനിയ എസ്എന്‍ഡിപി, ഫ്രണ്ട്സ് ഓഫ് തിരുവല്ല, ഫ്രണ്ട്സ് ഓഫ് റാന്നി, എന്‍എസ്എസ് ഓഫ് പിഎ എന്നീ സംഘടനകളിലെ വനിതാ പ്രവര്‍ത്തകരുടെ താലപ്പൊലിയും പൂക്കളവും മാവേലി മന്നന്റെ ജനരാജകീയമായ എഴുന്നെള്ളത്ത്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ (ഫെയര്‍ലസ് ഹില്‍) കലാകാരികളുടെ തിരുവാതിരക്കളി, അജി പണിക്കരുടെ നൂപുര നൃത്ത വിദ്യാലയത്തിന്റെ നൃത്താഞ്ജലി, മഹിമ ജോര്‍ജിന്റെ ഭരത നാട്യനൃത്തം, ഇന്ത്യാ പാക്കിസ്ഥാനി കോളീഷന്‍ (ഫിലാഡല്‍ഫിയ സെന്‍ട്രല്‍ ഹൈസ്കൂള്‍) ടീമിന്റെ സിനിമാറ്റിക് ഡാന്‍സ്, ഷിനു ഏബ്രാഹം (ടെക്സസ്), ഹെല്‍ഡാ സുനില്‍, ജയ്സണ്‍ വര്‍ഗീസ് എന്നിവരുടെ ഗാനമേള, വിവിധ നര്‍ത്തകരുടെ നൃത്തനിര്‍ത്യങ്ങള്‍, റോയി സാമുവേലിന്റെ  നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ, എന്നിവയെല്ലാം ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ 2015 വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരുന്നു.

ആതിഥ്യസേവനത്തിന് സാജന്‍ വര്‍ഗീസ് നേതൃത്വം നല്‍കി. ടി.ജെ തോംസണും ഷിബു ടി. ജോസും  സാംസ്കരിക പരിപാടികള്‍ ഏകോപിപ്പിച്ചു. ഷാജി മിറ്റത്താനി ഓണാഘോഷ നിധി സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തിനും ട്രൈസ്റേറ്റ് ഓണാഘോഷത്തിനും നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റിനു ജോണിക്കുട്ടി മാത്യു, ജോസഫ് തോമസ്, ജെയ്മോന്‍ തോമസ്, സുനോജ് മാത്യു എന്നിവര്‍ സാരഥികളായി. സെക്രട്ടറി മനോജ് ലാമണ്ണില്‍,  ഫ്രണ്ട്സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് തോമസ് പോള്‍, സെമിയോ പ്രസിഡന്റ്  ചാക്കോ ഏബ്രാഹം, ഫിലി സ്റാഴ്സ് മാനേജര്‍ ടിബു ജോസ് എന്നിവര്‍ പൊതു കാര്യ പരിപാടികള്‍ സമന്വയിച്ചു.

ചെയര്‍മാന്‍ രാജന്‍ സാമുവല്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഓണാഘോഷ സമിതി ചെയര്‍മാന്‍റോണി വര്‍ഗീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സജി കരിംകുറ്റി നന്ദിയും പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോര്‍ജ് ഓലിക്കല്‍ (പമ്പ), പി.കെ. സോമരാജന്‍ (എസ്എന്‍ഡിപി), ലൈല മാത്യു (പിയാനോ), തോമസ് പോള്‍, (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്ട്സ് ഓഫ് റാന്നി), ചാക്കോ ഏബ്രാഹം (സെമിയോ), വിദ്യാര്‍ഥി സമൂഹത്തെ പ്രതിനിധീകരിച്ച് ഫിലാഡല്‍ഫിയ സെന്റ്രല്‍ ഹൈസ്കൂള്‍ ഇപ്കോ പ്രസിഡന്റ് അമേയാ ജോര്‍ജ് എന്നിവര്‍ ആംസ സന്ദേശങ്ങള്‍ നല്‍കി.

ഘോഷ യാത്രക്കും പൊതു സമ്മേളനത്തിനും ജോര്‍ജ് ഓലിക്കല്‍, ഓര്‍ജ് നടവയല്‍, റോണി വര്‍ഗീസ്, സുധ കര്‍ത്ത എന്നിവരും സാംസ്കാരിക പരിപാടികള്‍ക്ക് ജസ്റിനും അന്‍സുവും എംസി മാരായി. നീതു സജി അമേരിക്കന്‍ ദേശീയ ഗാനവും ഹെല്‍ഡാ സുനില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിക്കുവാന്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍