ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സ്
Tuesday, September 1, 2015 5:59 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്ന ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയില്‍ നടത്തുന്ന ആറാമത് ദേശീയ കോണ്‍ഫറന്‍സില്‍ ദൃശ്യമാധ്യമ രംഗത്ത് പ്രമുഖനായ പി.ജി. സുരേഷ്കുമാര്‍ അതിഥിയായെത്തുന്നു. ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണു കോണ്‍ഫറന്‍സ് അരങ്ങേറുക.

ഏഷ്യാനെറ്റിലെ നേര്‍ക്കുനേര്‍ എന്ന ടോക്ഷോ സുരേഷ്കുമാര്‍ അവതരിപ്പുക്കുന്ന പ്രോഗ്രാമാണ്. 450 എപ്പിസോഡ് പിന്നിട്ട രാഷ്ട്രീയ, സാമൂഹ്യ വിശകലന പംക്തിയാണു നേര്‍ക്കുനേര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജാണ് റാന്നി സ്വദേശിയായ സുരേഷ്കുമാര്‍. 1998 ല്‍ പത്രപ്രവര്‍ത്തകനായി അരങ്ങേറ്റം കുറിച്ച സുരേഷ്കുമാര്‍ പിറ്റേവര്‍ഷമാണ് ഏഷ്യാനെറ്റിലെത്തുന്നത്.

കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി എന്നിവരാണ് പി.ജി. സുരേഷ്കുമാറിനു പുറമേ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.

റിപ്പോര്‍ട്ട്: ജോസ് കണിയാലി