വെസ്മ ഓണാഘോഷം നടത്തി
Monday, September 7, 2015 7:55 AM IST
സിഡ്നി: വെസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ (വെസ്മ) ഓണാഘോഷം നടത്തി. ഓഗസ്റ് 29നു ണലിംീൃവ്േശഹഹല, ഞലറഴൌാ എൌിരശീിേ ഇലിൃല ലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

തമ്പി വര്‍ഗീസ് സ്വാഗതം ആശംസിച്ചതോടെ സാംസ്കാരിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് വികാരി ഫാ. ജോസഫ് കുന്നപ്പള്ളി ദീപാര്‍ച്ചന നടത്തി ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചു. പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയത്തെക്കുറിച്ചുള്ള കവിത സീമ ബാലസുബ്രഹ്മണ്യം പാരായണം നടത്തി. മഞ്ജു ടീച്ചറിന്റെ കീഴില്‍ പഠിച്ചിറങ്ങിയ കുട്ടികളുടെതായി മൂന്ന് ഭരത നാട്യാവതരണങ്ങള്‍ നടന്നു. സിനിമാറ്റിക് (ജോഷില ജോസ്), ബോളിവുഡ്, ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍ തുടങ്ങി വ്യത്യസ്ത രീതിയിലുള്ള നടനങ്ങള്‍ വേറെയുമുണ്ടായിരുന്നു.

നാട്യ ശാസ്ത്രത്തിന് ഒരു നവീന പാന്ഥാവ് തുറക്കുകയായിരുന്നു ലിജോ ടെന്നിസ് രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കമ്യൂണിസ്റ്' എന്ന സിനിമാസ്കോപ്പ് നാടകം.

എഴുത്തുകാരന്‍ ജോര്‍ജ് വില്‍സണ്‍ ഓണ സന്ദേശം നല്‍കി. വെസ്മയുടെ ഉദാത്തമായ ആശയമായ പാഠശാലയെക്കുറിച്ച് ടോള്‍സ്റോയിയുടെ ആത്മകഥയെ ഉദ്ധരിച്ച് മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളോടെങ്ങനെ പെരുമാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓണാഘോഷത്തെ മാറ്റുകൂട്ടാന്‍ മിനി വിന്‍സെന്റ്, നിഖില്‍ കൊട്ടാരം, ജിന്‍സി മോള്‍, നിഖിത തമ്പി, അഞ്ജു അനില്‍, അലീന അനില്‍, ലിജോ ഡെന്നിസ്, രാജന്‍ ചാണ്ടി എന്നിവര്‍ പാടിയ എട്ടു പ്രിയഗാനങ്ങള്‍ വേദിയില്‍ ആലപിച്ചു. കാണികളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്, സദസ്യരുടെ ഇടയിലേക്കിറങ്ങി, ലിജോ ടെന്നിസ് അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ശീലുകള്‍ എല്ലാവരും ഏറ്റുപാടി.

ലളിത പോള്‍ നയിച്ച ഒപ്പനയും സംഘനൃത്തവും മഞ്ജു സുരേഷ് ടീം അവതരിപ്പിച്ച മാര്‍ഗംകളി, റിയ റിനോള്‍ട് ടീം അവതരിപ്പിച്ച തിരുവാതിര കളി, സ്മിത ബാലു നയിച്ച സംഘഗാനം, ഷീല നായര്‍ അവതരിപ്പിച്ച തീം ഡാന്‍സ്, എന്നിവയെല്ലാം എല്ലാവരും ആസ്വദിച്ച സാംസ്കാരിക പരിപാടികളായിരുന്നു.

വിജയ് കേരളവര്‍മ്മ മഹാബലിയായി വേഷമിട്ടു. ആഘോഷ പരിപാടികളുടെ ഭാഗമായി റാഫിള്‍ നറുക്കെടുപ്പും സമ്മാനദാനവും നടന്നു.

ജോഷില ജോസ് പങ്കെടുത്തവര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം പറഞ്ഞു.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്