അര്‍ഥവത്തായൊരു എക്യുമെനിക്കല്‍ തീര്‍ഥാടനം
Friday, November 6, 2015 8:29 AM IST
ഷിക്കാഗോ: ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷത്തിനും വിശുദ്ധനാട് സന്ദര്‍ശനം അവരുടെ ജീവിതാഭിലാഷങ്ങളിലൊന്നായി മാറിയിട്ടുണ്ട് ഇപ്പോള്‍. ഒട്ടുമിക്ക തീര്‍ഥാടന കേന്ദ്രങ്ങളിലേതുമെന്നതുപോലെ, വിശുദ്ധനാട് തീര്‍ഥാടനവും വലിയൊരു വ്യാപാരസംരംഭമായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും യഥാര്‍ഥ യേശുഭക്തര്‍ക്ക് രണ്ടാഴ്ച നീളുന്ന അതുവഴിയുള്ളൊരു തീര്‍ഥാടന യാത്ര വലിയൊരു ആത്മനിര്‍വൃതിയും അനുഭൂതിയും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല.

മയാമിയിലെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി കുറ്റ്യാനിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിച്ച എക്യുമെനിക്കല്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ ചില നല്ല അനുഭവങ്ങളാണ് ഈ കുറിപ്പെഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. തീക്ഷ്ണമായ വിശ്വാസവും ബൈബിള്‍ സംഭവങ്ങളില്‍ ആഴത്തില്‍ അറിവുള്ള പ്രഗല്ഭ വ്യക്തികള്‍ കേരള എക്സ്പ്രസിലും ഇതര മാധ്യമങ്ങളിലും വിശുദ്ധനാട് തീര്‍ഥാടനത്തിന്റെ വിശദാംശങ്ങളേയും സവിശേഷതകളെക്കുറിച്ചും പലവട്ടം എഴുതിയിട്ടുണ്ട്. പരിമിതമായ അറിവിന്റെ പിന്‍ബലത്തില്‍ ആവര്‍ത്തനമാകുന്ന അത്തരം വിശദാംശങ്ങളിലേക്ക് കടക്കുന്നത് അവിവേകമാണെന്ന ബോധ്യമുള്ളതിനാല്‍ അത്തരം സാഹസത്തിനു ഞാന്‍ ഒരുമ്പെടുന്നില്ല.

സാമൂഹ്യ സംഘടനകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ജാതി, മത, വിഭാഗീയ, പ്രാദേശിക പ്രസ്ഥാനങ്ങള്‍ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തെ ഒന്നിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് മതം എങ്കിലും, ഇപ്പോള്‍ ലോക സമാധാനത്തിനുതന്നെ ഭീഷണിയായി മാറിയിട്ടുള്ളത് മതങ്ങള്‍ തമ്മിലും, മതങ്ങള്‍ക്കുള്ളിലും നിലനില്‍ക്കുന്ന സ്പര്‍ധയും സംഘര്‍ഷങ്ങളുമാണ്. അപ്രസക്തമായ ആരാധനാ രീതിയുടേയും കാലഹരണപ്പെട്ട സങ്കുചിത നിലപാടുകളെയും വ്യക്തിതാത്പര്യം സംരക്ഷിക്കുന്നതിനായുള്ള നടപടികളുടേയും ഫലമായി വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും കുടുംബാംഗങ്ങള്‍ തമ്മിലും കുടുംബാംഗങ്ങള്‍ക്കിടയിലും ഭിന്നതകള്‍ രൂപപ്പെടുകയും അത് രൂക്ഷമാകുകയും ചെയ്യുന്നു. നിരവധിയായ ക്രിസ്തീയ സമൂഹങ്ങളുടെ ഐക്യവും സഹകരണവും ലക്ഷ്യമാക്കി അമേരിക്കയിലെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്െടങ്കിലും പരിമിതമായ സ്വാധീനമേ അവയ്ക്ക് ചെലുത്തുവാന്‍ കഴിയുന്നുള്ളൂ. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന എക്യുമെനിക്കല്‍ പ്രാര്‍ഥനകളില്‍ പോലും വലിയൊരു ജനാവലിയുടെ സാന്നിധ്യം പ്രകടമായി കാണാറില്ല.

മേല്‍പറഞ്ഞ സാഹചര്യത്തില്‍ മയാമിയിലെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫെയ്ത്ത് ഹോളിഡേയ്സ് മുഖേന സംഘടിപ്പിച്ച എക്യുമെനിക്കല്‍ തീര്‍ഥാടനം തികച്ചും വിജയകരമായിരുന്നുവെന്ന് വിലയിരുത്തുവാന്‍ കഴിയുന്നു. 90-ലധികം വരുന്ന തീര്‍ഥാടക സംഘത്തില്‍പ്പെട്ടവര്‍, ഷിക്കാഗോ, മയാമി, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലഡല്‍ഫിയ, ഡാളസ്, കോളറാഡോ എന്നീ അമേരിക്കയുടെ വിവിധയിടങ്ങളില്‍നിന്നുള്ളവരായിരുന്നു. സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കൊപ്പം അതേ സഭയുടെ ഭാഗമായ ക്നാനായ കത്തോലിക്കര്‍, മലങ്കര കത്തോലിക്കര്‍, യാക്കോബായ, മാര്‍ത്തോമ സഭാംഗങ്ങളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഭൂരിപക്ഷം തീര്‍ഥാടകരും മലയാളികളായിരുന്നുവെങ്കിലും മാംഗളൂരുകാരായ ചിലരേയും, വെസ്റ് ഇന്‍ഡീസിന്റെ ഭാഗമായ ട്രിനിഡാഡില്‍ നിന്നുള്ള മൂന്നു ഭക്തരെയും ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞത് സംഘാടകരുടെ എക്യുമെനിക്കല്‍ വീക്ഷണത്തെ കൂടുതല്‍ അര്‍ഥവത്താക്കി.

എസ്എംസിസിയുടെ വിശുദ്ധനാട് തീര്‍ഥാടനം ആകര്‍ഷകവും ഭക്തിനിര്‍ഭരവുമാക്കിയ പ്രധാന ഘടകം ഷിക്കാഗോ സെന്റ് തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ വ്യക്തിപ്രഭാവമാണ്. മലയാളം മനസിലാകാത്ത ഒരു ന്യൂനപക്ഷത്തോടുള്ള പരിഗണനമൂലം വിശുദ്ധ കുര്‍ബാന പലപ്പോഴും ഇംഗ്ളീഷില്‍ അര്‍പ്പിക്കുവാന്‍ പിതാവ് കാട്ടിയ സന്നദ്ധയും വലിയ മനസും അവരോട് അദ്ദേഹം കാട്ടിയ ബഹുമാനത്തിന്റേയും കരുതലിന്റേയും പ്രതിഫലനമാണ്. തീര്‍ഥാടകര്‍ക്ക് ഒന്നാകെ വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണമായി പങ്കാളിയാകുവാന്‍ പിതാവിന്റെ സമീപനം സഹായിച്ചു. വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമാകുന്ന ഭൂരിപക്ഷത്തിന്റെ ഹൃദയവിശാലതയാണു ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനും പൊതുസമൂഹത്തിന്റെ ഭാഗമാണ് തങ്ങളുമെന്നു പ്രേരിപ്പിക്കുവാനും ഉപകരിക്കുന്നത്.

12 ദിവസം നീണ്ടുനിന്ന തീര്‍ഥാടനത്തിന്റെ ആദ്യ രണ്ടു നാളുകള്‍ പിന്നിട്ടപ്പോള്‍ തന്നെ പരസ്പരം പരിചിതരല്ലായിരുന്ന തീര്‍ഥാടകര്‍ക്കിടയില്‍ വലിയൊരു അടുപ്പവും സൌഹൃദവും പ്രകടമായി തുടങ്ങി. ഏതൊരു വിശ്വാസ സമൂഹത്തിന്റേയും ഐക്യവും ശക്തിയും നിലനില്‍പ്പും ഉറപ്പുവരുത്തുന്നത് അംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സമഭാവനയുടേയും സാഹോദര്യത്തിന്റേയും അടിസ്ഥാനത്തിലാണ്. ഒന്നിച്ചു സഞ്ചരിച്ച് പുണ്യസ്ഥലങ്ങള്‍ കണ്ട് പ്രാര്‍ഥിച്ചും പാട്ടുപാടിയും ഒരേ ഹോട്ടലുകളില്‍ അന്തിയുറങ്ങി, കുടുംബാംഗങ്ങള്‍ എന്നപോലെ ഒന്നിച്ച് ഭക്ഷിച്ച്, പെട്ടികള്‍ കയറ്റുവാനും ഇറക്കുവാനും, ഫോട്ടോ എടുക്കാനും പരസ്പരം സഹായിച്ച് കൂട്ടത്തില്‍ ഷോപ്പിംഗിനും വിലപേശലിനുള്ള തന്ത്രങ്ങള്‍ സ്വകാര്യമായി ഉപദേശിച്ചും രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തീര്‍ഥാടകസംഘത്തില്‍ സൌഹൃദത്തോടൊപ്പം സമഭാവവും സാഹോദര്യഭാവവും ശക്തമായി അനുഭവപ്പെട്ടു.

വേറിട്ട ചില അനുഭവങ്ങള്‍ക്ക് സാക്ഷിയാകാനും ഈ തീര്‍ഥാടനത്തിനിടെ അവസരമുണ്ടായി. ലോകത്തെമ്പാടുമുള്ള ക്രൈസ്തവ രക്ഷസാക്ഷികളോടുള്ള സ്മരണ നിലനിര്‍ത്തുന്നതിനായി മാര്‍ ആലപ്പാട്ട് യൂദയാ മലയിലെ നിയാട്ട് കെള്യുംമിം പാര്‍ക്കില്‍ ഒലിവ് ചെടി നട്ടതും സമാധാന സന്ദേശത്തിന്റെ പ്രചാരണത്തിനായി തദവസരത്തില്‍ പ്രാവിനെ പറത്തിയതും തീര്‍ഥാടകരുടെ സ്മരണയില്‍ ഏറെ നാള്‍ തങ്ങി നില്‍ക്കും. ഭാവനാസന്നമായ ഇത്തരം ആശയങ്ങള്‍ നടപ്പിലാക്കിയ ജോയി കുറ്റ്യാനിയും ടൂര്‍ കോ-ഓര്‍ഡിനേറ്റേഴ്സായ ഷാജി, സജി, ബോബി എന്നിവരും അഭിനന്ദനത്തിനു തികച്ചും അര്‍ഹരാണ്.

ആദ്യവും ആത്യന്തികവുമായി നാമെല്ലാം മനുഷ്യരാണെന്ന ചിന്ത പ്രബലപ്പെടേണ്ട ിയിരിക്കുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ മാത്രമേ മനുഷ്യര്‍ തമ്മില്‍ വൈരുധ്യങ്ങളേക്കാളേറെ സമാനതകളാണുള്ളതെന്നു നമുക്ക് ബോധ്യപ്പെടും. എക്യുമെനിക്കല്‍ പോലുള്ള ആശയങ്ങളില്‍നിന്നു തുടക്കത്തില്‍ കൂടിയും മാത്രമേ, വ്യക്തികളും സമൂഹങ്ങളും വംശങ്ങളും മതങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും സഹവര്‍ത്തിത്വവും യാഥാര്‍ഥ്യമാക്കുവാന്‍ കഴിയൂ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം