ഫിലാഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നവംബര്‍ 14ന്
Sunday, November 8, 2015 7:24 AM IST
ഫിലാഡല്‍ഫിയ: സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ) വിപുലമായ പരിപാടികളോടെ താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്നു.

നവംബര്‍ 14നു (ശനി) നാലു മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍. പൊതുസമ്മേളനം, താങ്ക്സ്ഗിവിംഗ് ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ഫിലാഡല്‍ഫിയ അതിരൂപതയുടെ കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബ്രൂസ് ലെവന്‍ഡസ്കി അനുഗ്രഹപ്രഭാഷണം നടത്തും. ഏഷ്യാനെറ്റ് യുഎസ്എ വാര്‍ത്താ അവതാരകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഡോ. കൃഷ്ണാ കിഷോര്‍, ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൌണ്ടി നിയമസഭാംഗം ഡോ. ആനി പോള്‍, സിനിമാതാരം വിനോദ് ചെമ്പന്‍ ജോസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.

പരമ്പരാഗത ശൈലിയില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ താങ്ക്സ്ഗിവിംഗ് ഡിന്നര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരിക്കും. നാട്ടില്‍നിന്നു പുതുതായി അമേരിക്കയിലെത്തി താമസമാക്കിയവര്‍ക്ക് അമേരിക്കന്‍ കള്‍ച്ചറിന്റെ ഭാഗമായുള്ള താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളുടെ പ്രാധാന്യവും ലക്ഷ്യവും മനസിലാക്കുന്നതിനു ഇതു സഹായിക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പത്തു ഡോളറും നാലു പേരടങ്ങുന്ന ഫാമിലിക്ക് 25 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്.

ഫിലാഡല്‍ഫിയ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സെന്റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി റവ. ഫാ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണികുട്ടി പുലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളും ക്രിസ്റീന പയസ് പ്രസിഡന്റും വിന്‍സന്റ് ഇമ്മാനുവല്‍ ജനറല്‍ സെക്രട്ടറിയും ചാര്‍ലി ചിറയത്ത് ട്രഷററുമായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനില്‍ വിശാല ഫിലാഡല്‍ഫിയ റീജണില്‍പ്പെടുന്ന സീറോ മലബാര്‍, സീറോമലങ്കര, ലാറ്റിന്‍, ക്നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും അംഗങ്ങളാണ്. 

ഐഎസിഎയുടെ ഈ വര്‍ഷത്തെ പ്രത്യേക കര്‍മപരിപാടിയായ 'എംപ്ളോയ്മെന്റ് ഹെല്‍പ്' ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. തൊഴിലന്വേഷകര്‍ക്കും തൊഴില്‍രഹിതരായവര്‍ക്കും ജോലി കണ്െടത്തുന്നതിനുള്ള സഹായങ്ങളും സാങ്കേതിക ഉപദേശങ്ങളും ജോലിദാതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സൌകര്യങ്ങളും ഐഎസിഎ ക്രമീകരിക്കും. ഈ സേവനത്തിനായി അഞ്ചു ഡോളര്‍ ഫീസടച്ച് പേരുകള്‍ രജിസ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക്: ഫാ. ഷാജി സില്‍വ 267 245 0231, ക്രിസ്റീന പയസ് 267 294 5426, വിന്‍സന്റ് ഇമ്മാനുവല്‍ 215 880 3341, ചാര്‍ലി ചിറയത്ത് 215 428 1282.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍