ഹിലരി ക്ളിന്റനു മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന്റെ പിന്തുണയില്ല
Wednesday, November 11, 2015 7:20 AM IST
വാഷിംഗ്ടണ്‍ ഡിസി: ബില്‍ ക്ളിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു തവണ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ഹിലരി ക്ളിന്റനു പിന്തുണ നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്ന് അറിയിച്ചു. 2016-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഹിലരി ക്ളിന്റനെ എന്‍ഡോഴ്സ് ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അല്‍ഗോര്‍.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുകയോ, എന്‍ഡോഴ്സ് ചെയ്യുന്നതോ ഉചിതമായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ആരംഭിക്കുന്ന ക്ളൈമറ്റ് ചെയ്ഞ്ച് ടെലിത്തോണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍.

ബംഗാസിയയില്‍ ആക്രമണത്തിനു സാധ്യതയുള്ളതായും, സംരക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു അമേരിക്കന്‍ സ്ഥാനപതി അയച്ച ഇ-മെയിലുകള്‍ ഗൌരവമായി എടുക്കുന്നതിനെക്കുറിച്ചു കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അവസാനവിധി എന്തായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ഹിലരി ക്ളിന്റന്റെ വിജയസാധ്യത കണക്കാക്കപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍