സൂര്യാകാലടി സൂര്യന്‍ സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് അമേരിക്കയില്‍
Thursday, November 12, 2015 8:26 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ നാമധേയത്തില്‍ നവംബര്‍ 14, 15 തീയതികളില്‍ ന്യൂയോര്‍ക്ക് വൈറ്റ് പ്ളൈന്‍സില്‍ സമാരംഭിക്കുന്ന അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കാനായി സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് അമേരിക്കയിലെത്തി. പന്തളം മനക്കല്‍ മനോജ് നമ്പൂതിരിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

അമേരിക്കയില്‍ നിരവധി ശാസ്തക്ഷേത്ര സന്നിധികള്‍ ഉണ്െടങ്കിലും അയ്യപ്പ സ്വാമിയുടെ നാമധേയത്തിലുള്ള ക്ഷേത്രം ഉയരുന്നത് ഇതാദ്യമായാണ്. പ്രതിഷ്ഠാദിനങ്ങളില്‍ വിവിധ പൂജകള്‍ താന്ത്രിക വിധിപ്രകാരം നടത്തുന്നു. ക്ഷേത്രത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഭക്തരുടെ സ്പോണ്‍സര്‍ഷിപ്പിലുടെ സാക്ഷാത്കരിക്കപ്പെടുന്നുണ്ട്. ചടങ്ങില്‍ സന്നിഹിതാരകുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനവും താമസസൌകാര്യവും സജ്ജമാക്കിയിട്ടുണ്ട്.

രണ്ടു ദിവസത്തെ പൂജാദി കര്‍മങ്ങളില്‍ ഭക്തജനങ്ങളുടെ കുടുംബ ഐശ്യര്യത്തിനുവേണ്ടിയുള്ള പ്രത്യേക പൂജകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗണപതി ഹോമം, ബിംബ പരിഗ്രഹ പൂജ, ആവാഹനപൂജ, ജലാധി വാസം, പുഷ്പാതി വാസം, ധാന്യധിവാസം, സ്ഥലപൂജ, ശയ്യപൂജ, നവകലശം, വാസ്തു ശാന്തി, ജീവകലശം തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്നു അന്നദാനം, ഷിക്കഗോ ശ്രുതിലയ സംഘം അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. വീണ്ടും നവഗ്രഹ ഹോമം, കലശ സ്ഥാപനം, ഗണേശ, അയ്യപ്പ, ഹനുമാന്‍ ഹോമാത്തോടെ ആദ്യദിന പൂജ അവസാനിക്കും.

രണ്ടാം ദിവസം ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പൂജ നവഗ്രഹ ഹോമം വാസ്തുശാന്തി, കലശ പൂജയോടെ അവസാനിക്കുന്നു. തുടര്‍ന്നു വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ ഭജന സംഘത്തോടെപ്പം ന്യൂജേഴ്സി ആനന്ദ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ അരങ്ങേറും.

നിത്യപൂജകള്‍ക്കൊപ്പം നവംബര്‍ 17 മുതല്‍ അയ്യപ്പ സുപ്രഭാതത്തോടെ മണ്ഡല വ്രതം അരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30നു ഭജനയും ദീപാരാധനയും അന്നദാനവും ഉണ്ടായിരിക്കും.

ചടങ്ങിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നതായി ഗുരു സ്വാമി പാര്‍ഥസാരഥി പിളള അറിയിച്ചു.