തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഒരുങ്ങി
Tuesday, November 24, 2015 9:00 AM IST
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഷിക്കാഗോ ഒരുങ്ങി. എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 32-ാമത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ അഞ്ചിനു (ശനി) വൈകുന്നേരം അഞ്ചിന് ആരംഭിക്കും.

ഡസ്പ്ളയിന്‍സിലുള്ള മെയിന്‍ ഈസ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയം വേദിയാകുന്ന ആഘോഷങ്ങള്‍ക്ക് ഷിക്കാഗോയിലെ മലയാളി സമൂഹം സാക്ഷ്യം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും.

ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളിലെ 16 ദേവാലയങ്ങളില്‍നിന്നു മിശിഹായുടെ തിരുജനനത്തെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങളും നൃത്തങ്ങളും ദൃശ്യാവിഷ്കാരങ്ങളും നയന മനോഹാരിത തീര്‍ക്കുന്ന മുഹൂര്‍ത്തങ്ങളെ സമ്മാനിക്കും. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികള്‍ ആകര്‍ഷണീയമാക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒരു ഭാഗ്യവാനെ തെരഞ്ഞെടുത്ത് സാബു അച്ചേട്ട് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന സമ്മാനം സാന്താക്ളോസ് ആഘോഷങ്ങള്‍ക്കു നവ്യാനുഭൂതി നല്‍കും.

സമ്മേളനത്തില്‍ എക്യുമെനിക്കല്‍ വോളിബോള്‍, ബാസ്കറ്റ്ബോള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. ചടങ്ങില്‍ എക്യുമെനിക്കല്‍ കൌണ്‍സില്‍ നല്‍കിയ സാമ്പത്തിക സഹായത്താല്‍ പൂര്‍ത്തിയാക്കിയ കേരളത്തിലെ ഭവനരഹിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടക്കും. കൌണ്‍സില്‍ അംഗങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. റവ. ബിനോയ് പി. ജേക്കബ് (ചെയര്‍മാന്‍), ജോണ്‍സന്‍ കണ്ണൂക്കാടന്‍ (ജനറല്‍ കണ്‍വീനര്‍), മറിയാമ്മ പിള്ള (ജോ. കണ്‍വീനര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം