പ്രമീള ജയ്പാല്‍ യുഎസ് കോണ്‍ഗ്രസിലേക്കു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
Wednesday, January 27, 2016 10:01 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ സ്റേറ്റ് സെനറ്റില്‍ ഡെമോക്രാറ്റിക് പ്രതിനിധിയായ ഇന്ത്യന്‍ വംശജ പ്രമീള ജയ്പാല്‍ യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു.

1965 ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള ജയ്പാല്‍ 16-ാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം നോര്‍ത്ത് വെസ്റേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎ കരസ്ഥമാക്കി.

സ്ത്രീകളുടേയും കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിനു കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്രമീള അന്തര്‍ ദേശീയതലത്തിലും ദേശീയതലത്തിലും പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രസിഡന്റ് ഒബാമയുടെ 2014 ഡ്രീം ആക്ടിന് അനുകൂലമായി ശക്തമായ പ്രചാരണം നടത്തിയ പ്രമീള 'ചാമ്പ്യന്‍ ഓഫ് ചേയ്ഞ്ച്' എന്ന വൈറ്റ് ഹൌസിന്റെ അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.

അധ്വാനിക്കുന്ന പുരുഷനും സ്ത്രീക്കും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിനുളള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും പബ്ളിക് എഡ്യൂക്കേഷന്‍, ക്രമിനല്‍ ജസ്റീസ് റിഫോം എന്നിവ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രമീള പ്രസ്താവനയില്‍ പറയുന്നു. 1979 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയെ മാത്രം ജയിപ്പിച്ച ഏഴാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍നിന്നാണ് യുഎസ് കോണ്‍ഗ്രസിലേക്കു പ്രമീള മത്സരിക്കുവാനൊരുങ്ങുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍