ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
Monday, February 1, 2016 7:22 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ആചരിച്ചു. ജനുവരി 24-നു രാവിലെ 9.45 നു അസി. വികാരി ഫാ. ജോസ് ചിറപ്പുറത്തിന്റെ കാര്‍മികത്വത്തിലാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

തിരുക്കര്‍മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ജൂതന്മാരുടെയും, പിന്നീടു റോമാസാമ്രാജ്യത്തിന്റെയും ക്രൈസ്തവ മതപീഡനകാലഘട്ടമായിരുന്ന മൂന്നാം നൂറ്റാണ്ടില്‍ അംഗരക്ഷകനായി ജീവിച്ച് തടവുകാര്‍ക്ക് പ്രചോദനമായിത്തീര്‍ന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയേപ്പറ്റിയും, രക്തസാക്ഷിയായതിനേപ്പറ്റിയും, വിശുദ്ധന്റെ മാധ്യസ്ഥത്തില്‍ നടന്ന അനവധിയായ അത്ഭുതങ്ങളേപ്പറ്റിയും, കേരളത്തിലും, ക്നാനായ ഇടവകളിലും ഇന്നും നടക്കുന്ന അത്ഭുതങ്ങളേപ്പറ്റിയും മുത്തോലത്തച്ചന്‍ വിശദീകരിച്ചു. വചനസന്ദേശം, ലദീഞ്ഞ്, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച വിതരണം എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുനാളിനെ ഭക്തിസാന്ദ്രമാക്കി.

പേരൂര്‍ ഇടവകാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുമാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍ക്കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബഹുമാനപ്പെട്ട വികാരി ഫാ. എബ്രാഹം മുത്തോലത്ത് വിശുദ്ധബലിയര്‍പ്പിച്ച ഫാ. ജോസ് ചിറപ്പുറത്തേയും, ഇതിന്റെ പ്രസുദേന്തിമാരേയും, ഇതിനു നെതൃുത്വം നല്കിയവരെയും അഭിനന്ദിക്കുകയും, ഇതില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്വാസികള്‍ക്കും തിരുനാളിന്റെ ആശംസകള്‍ നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി