പ്രവാസി ഭാരതീയ ദിവസ് ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
Tuesday, February 2, 2016 7:52 AM IST
ന്യൂയോര്‍ക്ക്: റിപബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്യമത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, വെസ്റ്ചെസ്റര്‍ കൌണ്ടിയില്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടി. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം സംഘടനാ നേതാക്കളുടെയും സാധാരണക്കാരുടെയും സാന്നിധ്യംകൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി.

ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ഡോ. മനോജ്കുമാര്‍ മോഹപത്ര കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്കു സംതൃപ്തമായ ഉത്തരം നല്‍കി. കോണ്‍സുലേറ്റിന്റെ ഹെല്‍പ് ലൈന്‍ വഴി ബന്ധപ്പെടുന്ന മിസ്കോള്‍ പോലും അവഗണിക്കാറില്ല എന്നുറപ്പ് നല്‍കി. നാം അങ്ങോട്ട് ചെന്നില്ലെങ്കില്‍ നമ്മള്‍ പോകുന്നിടത്തെക്ക് അവര്‍ എത്തുമെന്നും അറിയിച്ചു. വെസ്റ് ചെസ്റര്‍ ഗവണ്മെന്റിന്റെ പ്രതിനിധികള്‍ പങ്കെടുത്തത് പ്രവാസി ഭാരതീയരോടുള്ള പ്രതിപത്തിയെ എടുത്തു കാണിക്കുന്നതായിരുന്നു. സ്റേറ്റ് കോണ്‍ഗ്രസ് വുമന്‍ ഷെല്ലി മേയറും ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ തോമസ് കൂവള്ളൂര്‍, ഡോ അരുണ പാല്‍, ഡോ ജയശ്രീ നായര്‍, ഡോ മൂര്‍ത്തി, ഡോ പാഹ്വ, തുടങ്ങിയവരെ ആദരിച്ചു. ശബരിനാഥ്, ലീന ഗോരേ എന്നിവര്‍ സംഗീതം ആലപിച്ചു. അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവദാസന്‍ നായര്‍ (ഒഎഫ്ബിജെപി ന്യൂയോര്‍ക്ക് കണ്‍വീനര്‍) ആണ് പരിപാടിയുടെ പൂര്‍ണ ചുമതല വഹിച്ചത്. സുനില്‍ കുമാര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം