ഹില്ലരി പ്രസിഡന്റായാല്‍ നീരാ ഠാണ്ടന്‍ കാബിനറ്റ് അംഗമാകാന്‍ സാധ്യത
Tuesday, April 26, 2016 6:45 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ 14 വര്‍ഷമായി ക്ളിന്റണിനുവേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീരാ ഠാണ്ടന്‍, ഹില്ലരി ക്ളിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ക്യാബിനറ്റ് അംഗമാകുന്നതിന് സാധ്യത ഉളളതായി തെരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നല്‍കുന്ന ജോണ്‍ പൊഡസ്റ സൂചന നല്‍കി. ന്യൂയോര്‍ക്കില്‍ ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ഓഫീസിനു പുറത്തു കാത്തു നിന്നിരുന്ന ഇന്ത്യന്‍- അമേരിക്കന്‍ വംശജരെ അഭിസംബോധന ചെയ്യവെയാണ് പൊഡസ്റ് ഈ വിവരം വെളിപ്പെടുത്തിയത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ഹില്ലരിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ധന സമാഹരണം നടത്തുവാന്‍ ഏപ്രില്‍ 24നു മേരിലാന്‍ഡ് സംസ്ഥാനത്തെ ജര്‍മന്‍ ടൌണില്‍ ഇന്ത്യന്‍ -അമേരിക്കന്‍ വംശജരുടെ ലഞ്ചിയോണ്‍ ജോണ്‍ പൊഡസ്റ വിളിച്ചു ചേര്‍ത്തിരുന്നു. നീരാ തണ്ടന്‍ ഈ മീറ്റിലെ കീനോട്ട് പ്രാസംഗികയായിരുന്നു.

ഹില്ലരി ക്ളിന്റണ്‍ രൂപീകരിക്കുന്ന കാബിനറ്റില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ലഭിക്കുമെന്നും ചുരുങ്ങിയത് ഒരു ഇന്ത്യന്‍ വംശജനെങ്കിലും കാബിനറ്റില്‍ ഉണ്ടായിരിക്കുമെന്ന് പത്രപ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി ജോണ്‍ പൊഡസ്റ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് 1970 ല്‍ ജനിച്ച മകളാണ് നീരാ ഠാണ്ടന്‍. മാസച്യുസെറ്റിലെ ബെഡ് ഫോര്‍ഡിലായിരുന്നു നീരയുടെ ജനനം. യെല്‍ ലൊ സ്കൂളില്‍ നിന്നും 1996 ല്‍ ബിരുദം നേടി. തുടര്‍ന്നു കാപിറ്റല്‍ ഹില്ലില്‍ ഡൊമസ്റിക് പോളിസിയിലും തുടര്‍ന്നു ബില്‍ ക്ളിന്റന്റെ കൂടെ ന്യൂഎനര്‍ജി പോളിസി, ഹെല്‍ത്ത് കെയര്‍ റീഫോംസിലും പ്രവര്‍ത്തിച്ചു. 2008ല്‍ ഹില്ലരിയുടെ തെരഞ്ഞെടുപ്പ് നയരൂപീകരണ കമ്മിറ്റിയിലും നീര പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍