യുഎസ് കാബിനറ്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം: ഹില്ലരി
Wednesday, April 27, 2016 5:50 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു കാബിനറ്റ് രൂപീകരിക്കുവാന്‍ അവസരം ലഭിച്ചാല്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നു ഹില്ലരി ക്ളിന്റണ്‍. ഏപ്രില്‍ 25നു റെയ്ച്ചല്‍ മെഡോയുമായി നടത്തിയ അഭിമുഖത്തിലാണു ഹില്ലരി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കാനഡ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു മുമ്പു നല്‍കിയ വാഗ്ദാനം പാലിച്ചതു കാബിനറ്റില്‍ 50 ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തിയാണല്ലോ എന്ന ചോദ്യത്തിനു ഞാന്‍ രൂപീകരിക്കുന്ന കാബിനറ്റില്‍ അമേരിക്കന്‍ രാഷ്ട്രത്തിന്റെ ആകമാന പ്രതിച്ഛായ ദര്‍ശിക്കാം എന്നായിരുന്നു ഹില്ലരി പ്രതികരിച്ചത്.

ഒബാമയുടെ കാബിനറ്റില്‍ സ്ത്രീ പ്രാതിനിധ്യം 30 ശതമാനമായിരുന്നുവെന്നും ഹില്ലരി ഓര്‍മപ്പെടുത്തി. വൈറ്റ് ഹൌസ് സ്റാഫില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്നും ഹില്ലരി ഉറപ്പു നല്‍കി.

ഹില്ലരിയുടെ വാഗ്ദാനം സ്ത്രീ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിപ്പബ്ളിക്കന്‍ ഫ്രണ്ട് റണ്ണര്‍ സ്ത്രീകളോട് കര്‍ശന നിലപാടു സ്വീകരിച്ച ട്രംപിനോടുള്ള സ്ത്രീകളുടെ വിരോധം മുതലെടുക്കാന്‍ കൂടിയാണ് ഹില്ലരിയുടെ പ്രസ്താവനയെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

26നു നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ അഞ്ചിലും ട്രംപ് വന്‍ വിജയം നേടിയപ്പോള്‍ ഹില്ലരി നാലു സംസ്ഥാനങ്ങളിലാണ് വിജയിച്ചത്. രാഷ്ട്രീയ പ്രതിയോഗികളെപ്പോലും അമ്പരപ്പിച്ചു ട്രംപ് നേടിയ വിജയം റിപ്പബ്ളിക്കന്‍ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ട്രംപിന്റെ ജനപിന്തുണ വര്‍ധിച്ചുവരുന്നു എന്നത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമായി അംഗീകരിക്കേണ്ടിവന്നിരിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍