ലോസ് ആഞ്ചലസില്‍ സ്വാതി തിരുനാള്‍ ദിനം ആഘോഷിച്ചു
Monday, May 23, 2016 5:20 AM IST
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൌത്ത് ഇന്ത്യന്‍ മ്യൂസിക് അക്കാദമിയുടെയും സ്വാതി തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമതു സ്വാതി തിരുനാള്‍ സംഗീതോത്സവം ഗംഭീരമായി.
മേയ് 21 (ശനി) ലോസ് ആഞ്ചലസിലെ ടസ്റിനില്‍ ഉള്ള ചിന്മയ മിഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ നിരവധി ഗായകര്‍ സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു.

ആഘോഷങ്ങളില്‍ തിരുവിതാംകൂര്‍ റാണി ഗൌരി പാര്‍വതി ബായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിനെക്കുറിച്ചും രാജാ രവിവര്‍മയെക്കുറിച്ചും തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു ലഭിച്ച ഓര്‍മകളും കഥകളും അസ്വാദകരുമായി പങ്കുവച്ച അവര്‍ കേരളത്തിന്റെ സംസ്കാരവും തനിമയും കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികളെ അഭിനന്ദിച്ചു.

ലോസ് ആഞ്ചലസിലും പരിസരങ്ങളിലുമുള്ള സംഗീത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ മുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ശങ്കരന്‍ നമ്പൂതിരിയടക്കമുള്ള സംഗീതഞ്ജര്‍ പരിപാടിയില്‍ പങ്കെടുത്തു.

രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതുവരെ നടന്ന സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരുന്നു.
പത്താമത് രാജാ രവിവര്‍മ ചിത്രകലാ മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.

'ഹാപ്പി മെമ്മറീസ്' എന്ന വിഷയത്തെ ആസ്പദമാക്കി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം പേര്‍ പങ്കെടുത്ത ചിത്ര രചനാ മത്സരത്തില്‍, വിവിധ തലങ്ങളിലായി ആകര്‍ഷ് സുരേഷ്, ചെന്‍ ജയിംസ്, റയാന്‍ വാങ്ങ്, അവുട്രി യൂന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുമരുകളില്‍നിന്നു ഇന്ത്യന്‍ ചിത്രകലയെ ലോകത്തിനു കാണിച്ചുകൊടുത്ത മഹാ ചിത്രകാരനായിരുന്ന രാജാ രവിവര്‍മയെ ഡോ. രവി രാഘവന്‍ തിങ്ങിനിറഞ്ഞ സഹൃദയര്‍ക്കു ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം, തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം ഈ സംഗീതോത്സവം ഭംഗിയായി നടത്തിയവരെ ആദരിച്ച ചടങ്ങില്‍ ഓം പ്രസിഡന്റ് രമ നായര്‍ ആമുഖ പ്രഭാഷണം നടത്തി. സ്വാതിതിരുനാള്‍ ആഘോഷ സമിതി ചെയര്‍മാന്‍ ഡോ. ജയ കൃഷ്ണന്‍, രവിവര്‍മ ആര്ട്സ് ചെയര്‍മാന്‍ ഡോ. രവി രാഘവന്‍, ഓം സെക്രട്ടറി വിനോദ് ബാഹുലേയന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്