അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്: വിവിധ കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തി
Monday, July 18, 2016 8:22 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് 2016 ജൂലൈ 20 മുതൽ 23 വരെ നടത്തുന്നതിനുള്ള വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

കുടുംബമേളയിൽ സംബന്ധിക്കുന്ന എല്ലാവർക്കും വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നതിനും മുതിർന്നവർക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കുമായി ചർച്ചാ ക്ലാസുകളും സിമ്പോസിയങ്ങളും വിവിധ കലാപരിപാടികളും നടത്തുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി ഫെസിലിറ്റി ആൻഡ് പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജോജി കാവനാലും ഷെറിൻ മാത്യുവും അറിയിച്ചു.

ഇതോടൊപ്പം കലാ സാംസ്കാരിക തലങ്ങളിലെ ഉന്നമനവും ഉല്ലാസവും മുന്നിൽക്കണ്ട് വൈവിധ്യമാർന്ന കൾച്ചറൽ പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ടെന്നും പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കോ–ഓർഡിനേറ്റർ ജോജി കാവനാൽ പറഞ്ഞു.

യുവജനങ്ങൾക്കായി പ്രത്യേക സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, റിട്രീറ്റുകൾ, കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ക്രമീകരിച്ചതായി യൂത്ത് കോഓർഡിനേറ്റർ റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു. ഫാ. മൈക്കിൾ സോറിയൻ, മോറ സോറിയൽ, ക്രിസ് എസ്റ്റാഫനസ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ