‘എ സ്പെഷൽ ഡേ’ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Tuesday, July 19, 2016 4:30 AM IST
ടൊറന്റോ (കാനഡ): ഹ്രസ്വചിത്രങ്ങളുടെ ശ്രേണിയിലേക്കു വടക്കൻ അമേരിക്കയിൽനിന്നു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ‘ഐ മലയാളി’യുടെ ഒമ്പതാമതു സംരംഭത്തിനു തുടക്കമായി. ബാലതാരങ്ങളാൽ സമ്പന്നവും കുട്ടികളുമായി ബന്ധപ്പെട്ട പ്രമേയവുമാണെന്നതാണു പ്രത്യേകത. ഒരു പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച്, അവൾ നൽകിയ ഭൂപടത്തിലെ അടയാളങ്ങൾ പിന്തുടർന്നു കാടും മലയും പുഴകളും മാത്രമല്ല, ഒട്ടേറെ മാനസിക സംഘർഷങ്ങളും കടന്നു ഒരു ആൺകുട്ടി നടത്തുന്ന യാത്രയുടെ കഥയാണ് ‘എ സ്പെഷൽ ഡേ’.

ആകാംക്ഷയുടെ പരമ്പരകളിലൂടെ മുന്നേറുന്ന ‘എ സ്പെഷൽ ഡേ’ എന്ന ചിത്രത്തിന്റെ പൂജ നിർവഹിച്ചത് പ്രമുഖ സംവിധായകൻ ലാൽ ജോസാണ്. പ്രവാസലോകത്തെ മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടിയിട്ടുള്ള ബിജു തയ്യിൽച്ചിറ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഇംഗ്ളിഷ് ഡോക്യുമെന്ററികൾക്കും ഇംഗ്ലീഷ് ചിത്രങ്ങൾക്കുൾപ്പെടെ കാനഡയിലെ വിവിധ പ്രൊഡക്ഷൻ കമ്പനികൾക്കായി പ്രവർത്തിച്ചുപരിചയമുള്ള ജോർജ് ലൊമാഗയാണ്. ഇതൊഴിച്ചാൽ, എ സ്പെഷൽ ഡേ ഒരുക്കുന്ന സംഘത്തിലെ അണിയറക്കാരെല്ലാം മലയാളികളാണ്. സന്തോഷ് പുളിക്കലാണ് സഹസംവിധായകൻ. തിരക്കഥ മാത്യു ജോർജിന്റേതാണ്. വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള സംഗീത, നൃത്ത നാടകമായിരുന്ന ‘ദ് ടെൻ കമാൻഡ്മെന്റ്സി’നായി തിരക്കഥ ഒരുക്കിയതിലൂടെയാണ് മാത്യു ജോർജ് ശ്രദ്ധേയനായത്.

നിഥിൻ ബിജു ജോസഫ്, എല ജോസഫ്, ടിനാ മാത്യൂസ്, ഐറീൻ മേരി മാത്യു, ഫെബിൻ ബിജു ജോസഫ്, നിഖിൽ ജോർജ്, ജെഫ് ആന്റണി മാനില, അലീന സണ്ണി കുന്നപ്പിള്ളി, എയ്ബൽ ബോബി, ബഞ്ചമിൻ ബാബു, ബെവിൻ ബാബു എന്നിവരാണ് അഭിനേതാക്കൾ.

ഗിരീഷ് ബാബു (അസോഷ്യേറ്റ് ഡയറക്ടർ), ഫെബിൻ ജോസഫ് (അസിസ്റ്റന്റ് ഡയറക്ടർ), സജി ജോർജ്, സിദ്ധാർഥ് നായർ (കാമറ), സലിൻ ജോസഫ്, സണ്ണി കുന്നപ്പിള്ളി (ആർട്) എന്നിവരാണ് അണിയറക്കാരിലെ മറ്റു പ്രമുഖർ. രാജു ജോസഫ് യുഎസ്എ (അഡ്വൈസർ), തോമസ്കുട്ടി (ക്രൂ), സാം കരികൊന്പിൽ (ട്രാൻസ്പർട്ടേഷൻ), റോയ് ദേവസ്യ (സ്റ്റിൽസ്), ഷാജൻ ഏലിയാസ് (ഡിസൈൻ), വിൻജോ മീഡിയ, സി. ജി. പ്രദീപ് (പബ്ലിക് റിലേഷൻസ്) എന്നിവരും സഹകരിക്കുന്നു.

കാനഡയുടെ മനോഹാരിതയിലേക്കുകൂടി പ്രേക്ഷകരെ ആകർഷിക്കുന്ന ഉദ്വേഗജനകമായ ഒരു യാത്രയാകും ‘എ സ്പെഷൽ ഡേ’ എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ഹിറ്റ് മേക്കർ കെ. മധു സംവിധാനം ചെയ്ത ഹൃസ്വചിത്രമായ ‘ഓൾവേസ് വിത് യു’ വിനുശേഷമുള്ള ‘ഐ മലയാളി’യുടെ സംരംഭമെന്ന പ്രത്യേകതയുമുണ്ട് ഇതിനെന്നു സംവിധായകൻ ബിജു തയ്യിൽച്ചിറ പറഞ്ഞു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം