മാർത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം സമാപിച്ചു
Wednesday, July 20, 2016 6:25 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ പതിനെട്ടാമത് സമ്മേളനത്തിനു ഷിക്കാഗോയിൽ ഉജ്വല സമാപനം.

കലുഷിതമായ ലോകത്ത് ക്രിസ്തുവിനെ പുനരവതരിപ്പിക്കുക എന്ന ചിന്താവിഷയത്തെ കോൺഫറൻസിന്റെ പഠനങ്ങൾ അന്വർഥമാക്കി. 325 –ൽപരം അംഗങ്ങൾ പങ്കെടുത്ത സമ്മേളനം അതിന്റെ നടത്തിപ്പിലും ക്രമീകരണങ്ങളിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഷിക്കാഗോ ക്രിസ്റ്റൽ ലേക്കിലുളള സമ്മേളനവേദിയായ മാർ തെയോഫിലോസ് നഗറിൽ (ഹോളിഡേ ഇൻ ഹോട്ടൽ) ജൂലൈ 15നു ഘോഷയാത്രയോടെ ആരംഭം കുറിച്ച സമ്മേളനം നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫീലക്സിനോക്സ് എപ്പിസ്കോപ്പാ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഭദ്രാസന ഉപാധ്യക്ഷൻ റവ. ബിജു സി. ശാമുവൽ, സെക്രട്ടറി റെജി ജോസഫ്, ട്രഷറർ മാത്യൂസ് തോമസ്, ഭദ്രാസന അസംബ്ലി അംഗം ലാജി തോമസ്, കോൺഫറൻസ് കമ്മിറ്റി പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, കൺവീനർ മോനിഷ് ജോൺ, ഷിക്കാഗോ മാർത്തോമ യുവജന സഖ്യം സെക്രട്ടറി സുനീന ചാക്കോ, യുവജന സഖ്യം ഭാരവാഹികൾ, ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നെത്തിയ വൈദീകർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

പ്രാരംഭ ആരാധനയ്ക്ക് ഷിക്കാഗോ മാർത്തോമ യുവജന സഖ്യം നേതൃത്വം നൽകി. മധുരതരമായി ഗാനങ്ങൾ ആലപിച്ച ഗായകസംഘം സമ്മേളനത്തിൽ ആദ്യന്തം നവോന്മേഷം പകർന്നു.

സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകരായിരുന്ന ഡോ. തോമസ് ഇടിക്കുള, പ്രീത മാത്യു എന്നിവർ സമ്മേളന വിഷയത്തെ ആസ്പദമാക്കിയുളള ക്ലാസുകൾക്കു നേതൃത്വം നൽകി. വിവിധ പ്രായത്തിലുളള കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. സമ്മേളനത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെയും യുവധാരയുടെയും പ്രകാശനകർമം ഫിലക്സിനോക്സ് ഉദ്ഘാടന സമ്മേളനത്തിൽ നിർവഹിച്ചു. ഷിക്കാഗോ മാർത്തോമ യുവജനസഖ്യാംഗങ്ങൾ അവതരിപ്പിച്ച ‘തീം പ്രസന്റേഷൻ’ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

വിവിധ റീജണുകളെ പങ്കെടുപ്പിച്ചു നടത്തിയ വോളിബോൾ ടൂർണമെന്റ്, സഖ്യം പൂർവകാല പ്രവർത്തകരുടെ സമ്മേളനം, യോഗ ക്ലാസ്, ടാലന്റ് നൈറ്റ്, ഫാമിലി ക്രാഫ്റ്റ്, ആയുർവേദ ക്ലാസ്, പ്രെയ്സ് ആൻഡ് വർഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായിരുന്നു.

ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫീലക്സിനോക്സ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന ഭദ്രാസന യുജന സഖ്യത്തിന്റെ ബിസിനസ് മീറ്റിംഗിൽ മിഷൻ ബോർഡ് അംഗങ്ങൾക്കും യുവധാര എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കും ഭദ്രാസന കൗൺസിൽ ഉപഹാരം നൽകി. ഇതോടപ്പം സുവനീറിൽ മുഖ്യ സ്പോൺസർമാരായിരുന്നവർക്കുളള സമ്മേളനത്തിന്റെ ഉപഹാരവും ഫിലക്സിനോസ് സമ്മാനിച്ചു. വിഷയാസ്പദമായും ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക് സമ്മേളനം വേദിയായി. വിവിധ സബ് കമ്മിറ്റികളുടെ പ്രാർഥനാ പൂർണമായ പ്രവർത്തനം സമ്മേളനത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ഭദ്രാസ യുവജനസഖ്യത്തിന്റെ 19–ാമത് സമ്മേളനം 2017ൽ ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കും. കോൺഫറൻസ് നടത്തിയ ഷിക്കാഗോ മാർത്തോമ യുവജന സഖ്യത്തിനോടുളള നന്ദി ഭദ്രാസന യുവജന സഖ്യം കൗൺസിൽ രേഖപ്പെടുത്തി.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം