അമേരിക്കൻ മലങ്കര അതിഭദ്രാന മുപ്പതാമത് കുടുംബ മേളയ്ക്ക് ഉജ്‌ജ്വല സമാപനം
Wednesday, July 27, 2016 5:42 AM IST
ഡാളസ്: മേരിലാൻഡ് സെന്റ് മേരീസ് മൗണ്ട് യൂണിവേഴ്സിറ്റി ഹാളിൽ നടന്ന നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പതാമത് കുടുംബ മേളക്ക് ഉജ്‌ജ്വല സമാപനം.

പുതുമയാർന്ന ആശയങ്ങൾ കൊണ്ടും ആത്മീയത നിറഞ്ഞു നിന്ന വിവിധങ്ങളായ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്ന കുടുംബ സംഗമം സഭാ വിശ്വാസികളുടെ ആത്മീയ പ്രവർത്തനങ്ങൾക്കും പരസ്പര കൂട്ടായ്മയ്ക്കും ഒരു പുത്തനുണർവു നൽകുന്ന ആത്മീയ നിറവിന്റെ അനുഭവമായി മാറി.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുഗ്രഹീത സാന്നിധ്യം ഈ വർഷത്തെ കുടുംബ മേളയുടെ പ്രത്യേകത കൂടിയാണ്. നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടവും നിഷ്കർഷവും സംഘാടകരുടെ മികച്ച അസൂത്രണവും കുടുംബമേളയുടെ വിജയത്തിനു കാരണമായി.

കോൺഫറൻസിന്റെ ആദ്യ ദിനമായ ബുധനാഴ്ച നടന്ന ഭദ്രാസന പളളി പ്രതിപുരുഷ യോഗത്തിൽ അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും ശ്രേഷ്ഠ കാതോലിക്ക ബാവായോടും ഭദ്രാസന മെത്രാപ്പോലീത്തായോടും മലങ്കരയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുളള സ്നേഹവും വിധേയത്വവും കൂറും ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് യോഗ നടപടികൾ ആരംഭിച്ചു.

ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും സഭാംഗങ്ങളുടെ ക്ഷേമത്തിനു മുതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി. ഈ വർഷം ആരംഭം കുറിക്കുന്ന പ്രധാന പ്രോജക്ടായ ഭദ്രാസന ഹെഡ് കോർട്ടേഴ്സും സെമിനാരി പ്രോജക്ട് റിപ്പോർട്ടും കൗൺസിൽ മെംബർ അച്ചു ഫിലിപ്പോസ് യോഗത്തിൽ അവതരിപ്പിച്ചത് ചർച്ച ചെയ്തു അംഗീകരിച്ചു.

‘യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുക. സങ്കീർത്തനങ്ങൾ 37 –3’ എന്നതായിരുന്നു സെമിനാറിലെ പ്രധാന ചിന്താവിഷയം. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സേവനത്തിന്റേയും പാതയിലൂടെ പ്രതിസന്ധികളിൽ തളരാതെ നിശ്ചയ ദാർഢ്യത്തോടെ ദൈവത്തിൽ വിശ്വാസവും പ്രാർഥനയും ഉളളവരായി നന്മ ചെയ്തു യഥാർഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ശ്രേഷ്ഠ ബാവാ വിശ്വാസികളെ ഓർമിപ്പിച്ചു.

കുടുംബ സംഗമത്തിന്റെ മുഖ്യ പ്രഭാഷകനും അറിയപ്പെടുന്ന ധ്യാനഗുരുവും പ്രഗത്ഭ വാഗ്മിയുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ (കപ്പൂച്ചിൻ സഭ) നൽകിയ സന്ദേശത്തിൽ ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്‌തിയെ ക്കുറിച്ചും മാറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ, ദൈവത്തിനനുസൃതമായ ഒരു കുടുംബം പടുത്തുയർത്തുവാൻ ഒരു വിശ്വാസി എപ്രകാരം കടപ്പെട്ടിരിക്കുന്നുവെന്നും സരസവും ലളിതവുമായ ഭാക്ഷയിലുടെ അവതരിപ്പിച്ചു.

ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ശ്രേഷ്ഠ ബാവായുടേയും ഇടവക മെത്രാപ്പോലീത്തായുടേയും വന്ദ്യ വൈദികർ, ശെമ്മാശന്മാർ, കൗൺസിൽ അംഗങ്ങൾ എന്നിവരുടേയും നേതൃത്വത്തിൽ കേരളീയ തനിമ നിലനിർത്തുന്ന വേഷവിധാനങ്ങളുമായി അടക്കും ചിട്ടയോടും കൂടി നടത്തിയ ഘോഷയാത്ര ഏവർക്കും കൗതുകമായി മാറി. വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ കൾചറൽ പ്രോഗ്രാമും ഏറെ ആകർഷകമായിരുന്നു.

മികവുറ്റ രചനകൾ, സഭാ ചരിത്ര വിവരങ്ങൾ, വർണ ചിത്രങ്ങൾ തുടങ്ങിയ വിവിധ ഇനങ്ങൾ കോർത്തിണക്കി തയാറാക്കിയ ‘മലങ്കര ദീപം 2016’ സുവനീറിന്റെ ഉദ്ഘാടനം ശ്രേഷ്ഠ ബാവാ നിർവഹിച്ചു. ചീഫ് എഡിറ്റർ സാജു പൗലോസിനേയും എഡിറ്റോറിയൽ ബോർഡിനേയും പ്രത്യേകം അഭിനന്ദിച്ചു.

ഭദ്രാസനത്തിന്റെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധനശേഖരണാർഥം 2017 ൽ നടത്തുന്ന മെഗാഷോയുടെ വിശദാംശങ്ങൾ കൗൺസിൽ അംഗം ജോജി കാവനാൽ യോഗത്തിൽ അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ജേക്കബ്, ട്രഷറർ ചാണ്ടി തോമസ് എന്നിവർ സംസാരിച്ചു. വെളളിയാഴ്ച വൈകിട്ട് റവ. ജേക്കബ് ചാലിശേരി കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ ധ്യാനവും ശനിയാഴ്ച രാവിലെ വിശുദ്ധ കുമ്പസാരവും നടന്നു. ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടുകൂടി ഈ വർഷത്തെ കുടുംബ സമ്മേളനം സമാപിച്ചു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ