ബിജു തയ്യിൽച്ചിറയുടെ ‘ലൈക്ക് ആൻ ഏഞ്ചൽ’ മികച്ച ചിത്രം
Thursday, July 28, 2016 9:14 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവർത്തകരേയും കേരളത്തിൽ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (കോൺഫിഡന്റ് ഗ്രൂപ്പ്/നാഫാ അവാർഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകൾ കൊണ്ടും ഹൃദ്യമായി.

മികച്ച നടനായി ദുർഖർ സൽമാനും (ചാർലി), നടിയായി പാർവ്വതിയും (ചാർലി, എന്നു നിന്റെ മൊയ്തീൻ), സംവിധായനകനായി മാർട്ടിൻ പ്രക്കാട്ടും (ചാർലി) അവാർഡുകൾ ഏറ്റുവാങ്ങി.

വേദിയിലും പുറത്തും താരമായത് ദുൽഖർ സൽമാൻ ആയിരുന്നു. സംഗീതത്തിന് അവാർഡു നേടിയ വിജയ് യേശുദാസിനോടൊപ്പം ദുൽഖർ പാടി വേദി പങ്കിട്ടത് വ്യത്യസ്താനുഭവവുമായി. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ‘എബിസിഡി’യിൽ ‘ജോണി മോനേ...’ ചാർലിയിൽ ‘സുന്ദരിപ്പെണ്ണേ.. എന്നീ പാട്ടുകൾ പാടിയ ദുൽഖർ ഗായകനെന്ന നിലയിലും താൻ മോശമല്ലെന്നു സ്റ്റേജിലും തെളിയിച്ചു. ദളപതിയിലെ ഗാനമാണു ഇരുവരും ആലപിച്ചത്. താൻ മമ്മൂട്ടിയുടെ വലിയ ഫാൻ ആണെന്നും മമ്മൂട്ടിയാണു ഇപ്പോഴും സിനിമയിലെ ട്രെൻഡ് സെറ്ററും യുവജനതയുടെ റോൾ മോഡലും എന്നും വിജയ് യേശുദാസ് ചൂണ്ടിക്കാട്ടി.താൻ ഏറെ സ്നേഹിക്കുന്ന ന്യൂയോർക്കിൽ നിന്നു ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. അമേരിക്കയിലെ കലാകാരന്മാരുടെ പ്രകടനം തന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. മറ്റെവിടെയും ഉള്ളതിലും മികച്ച പ്രകടനങ്ങളാണ് അവർ അവതരിപ്പിക്കുന്നത് ദുൽഖർ പറഞ്ഞു. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർമാർകൂടിയായ രാജി തോമസ്, ബിനോയ് ചന്ത്രത്ത് എന്നിവരിൽ നിന്നുതന്നെ മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു പാർവ്വതി പറഞ്ഞു. ചിത്രത്തിലെ ഗാനം ഭശാരദാംബരം.... പാർവതി ആലപിക്കുകയും ചെയ്തു. ഈ ഗാനം സിനിമയിൽ പാടിയ അമേരിക്കൻ മലയാളിയായ ശിൽപ രാജിനെ ചടങ്ങിൽ നേരത്തെ ആദരിച്ചിരുന്നു. ശില്പയും രാജു തോട്ടവും ചേർന്ന് ഈ ഗാനം പാടി.

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ സുരേഷ് രാജ്, രാജു ജോസഫ് (ഡോളർ രാജു) എന്നിവർ ചേർന്നാണ് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഗോപി സുന്ദറിനു (ചാർലി, എന്നു നിന്റെ മൊയ്തീൻ) നൽകിയത്. വിജയ് യേശുദാസിനു ഫിലിപ്പ് ചാമത്തിൽ മികച്ച ഗായകനൂള്ള അവാർഡ് നൽകി. സഹനടിക്കുള്ള അവാർഡ് അന്തരിച്ച കല്പനയ്ക്കുവേണ്ടി (ചാർലി) അയൽക്കാരനായ രമേഷ് പിഷാരടി നടി മന്യയിൽ (ജോക്കർ, കുഞ്ഞിക്കൂനൻ)നിന്ന് ഏറ്റുവാങ്ങിയത് വികാരനിർഭരമായിരുന്നു. സദസ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കല്പനയുടെ ഓർമകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

അവാർഡ് പരിപാടികൾക്കിടയിൽ നടിമാരായ ഭാവന, രമ്യ എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ബിന്ദ്യ പ്രസാദും സംഘവും അമേരിക്കയേയും പ്രതിനിധീകരിച്ചു. രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, അയ്യപ്പ ബൈജു എന്നിവർ ഹാസ്യ പ്രകടനങ്ങൾ നടത്തി. രമേഷ് പിഷാരടിയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘ഒറിജിനലി ഫ്രം ആഫ്രിക്ക ടു മാനേജ് അമേരിക്ക’ എന്നു ഒബാമയെ വിശേഷിപ്പിച്ചത് ചിരിപടർത്തി. അമേരിക്കയിൽ പ്രധാനമന്ത്രി ഇല്ലാത്തത് ഇന്ത്യൻ പ്രധാനമന്ത്രി മിക്കപ്പോഴും ഉള്ളതുകൊണ്ടാണെന്ന പരാമർശവും സദസ്യരെ ചിരിപ്പിച്ചു. രാത്രി 11 വരെ പരിപാടി നീണ്ടു.

ജനപ്രിയ താരങ്ങളായി തെരഞ്ഞെടുത്ത ജോസു കുട്ടിക്ക് (അക്കരക്കാഴ്ച) തിരുവല്ല ബേബിയും സജിനിക്ക് മന്യയും അവാർഡു സമ്മാനിച്ചു.

മിഴിയറിയാതെയുടെ സംവിധായകൻ ഓർഫിയസ് ജോണിന് നവാഗത സംവിധായകനുള്ള അവാർഡ് പ്രവാസി ചാനൽ എംഡി സുനിൽട്രൈസ്റ്റാർ സമ്മാനിച്ചു.

ബെസ്റ്റ് ഡയറക്ടറായ ശബരീനാഥ് (ഐ ലവ് യു) രാജു ജോസഫിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. സംവിധായകനായ തന്റെ പിതാവ് മുകുന്ദൻ മുല്ലശേരി രാജു ജോസഫിന്റെ ചിത്രം ഡോളറുമായി സഹകരിച്ച് പ്രവർത്തിച്ചത് ശബരിനാഥ് അനുസ്മരിച്ചു.

മികച്ച രണ്ടാമത്തെ ചിത്രം ‘അന്നൊരുനാളി’നുവേണ്ടി രേഖ നായർ, ഷാജി എഡ്വേർഡിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

മിസ് ഫൊക്കന പ്രിയങ്ക നാരായണൻ, മിസ് ഫോമ ഉഷസ് ജോയി എന്നിവരെ വേദിയിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി. മലയാളി പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്നു പറഞ്ഞ ഇരുവരും തങ്ങളുടെ നേട്ടം മറ്റു വനിതകൾക്കും പ്രചോദനമാകട്ടെ എന്നു പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം