ഡാളസിൽ പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രകടനം
Saturday, July 30, 2016 8:34 AM IST
ഡാളസ്: പോലീസ് അതിക്രമങ്ങൾക്കെതിരെ ഡാളസിൽ ടൗണിൽ നടന്ന ബഹുജനമാർച്ച് സമാധാന പരമായി സമാപിച്ചു.

ജൂലൈ ഏഴിനു നടന്ന റാലിക്കിടയിൽ അഞ്ചു പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടു മാറും മുമ്പെ സംഘടിപ്പിച്ച പ്രകടനത്തെ നേരിടാൻ പോലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചത്. 21നു നടത്താൻ നിശ്ചയിച്ചിരുന്ന റാലി പോലീസിന്റെ അഭ്യർഥനയെ തുടർന്നാണ് 29ലേക്കു മാറ്റിയത്.

നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രകടനത്തിൽ പ്രതിഷേധിച്ചു മറ്റൊരു വിഭാഗം നടത്തിയ പ്രകടനം സംഘർഷാവസ്‌ഥ സൃഷ്ടിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടലുകളാണ് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കിയത്.

അഞ്ചു പോലീസുകാർ വെടിയേറ്റു വീണ സ്‌ഥലത്തുനിന്നും ഏതാനും ബ്ലോക്കുകൾ അകലെയാണ് പ്രതിഷേധക്കാർ രാത്രി ഏഴോടെ പ്രകടനത്തിനായി ഒത്തു ചേർന്നത്. മാർഗതടസം സൃഷ്‌ടിച്ച പ്രകടനക്കാരോടു ഒഴിഞ്ഞു പോകാൻ നിർദേശ നൽകിയ പോലീസ്, അനുസരിച്ചില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നും അറിയിച്ചു.

പോലീസ് കൊല്ലപ്പെടുന്നതോ, പോലീസുകാർ മറ്റുള്ളവരെ കൊല്ലുന്നതോ അംഗീകരിക്കാനാവില്ലെന്നു പ്രകടനക്കാരെ അഭിസംബോധന ചെയ്തു ഫ്രണ്ട്ഷിപ്പ് വെസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് സീനിയർ പാസ്റ്റർ ഫ്രെഡറിക് ഹെയ്ൻ പറഞ്ഞു. നീതി എല്ലാവർക്കും ഒരുപോലെ ലഭിക്കണമെന്നു പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ