ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെസ്കീറ്റ് ദേവാലയത്തിൽ ഓഗസ്റ്റ് 28ന്
Saturday, August 27, 2016 6:40 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട മെസ്കിറ്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ ഓഗസ്റ്റ് 28നു (ഞായർ) വൈകുന്നേരം അഞ്ചിനു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സന്ദർശനം നടത്തുന്നു.

കഴിഞ്ഞ ഒരു മാസത്തിലധികമായി അമേരിക്കയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്ന ബാവാ കഴിഞ്ഞ തിങ്കളാഴ്ചയാണ് പത്തു ദിവസത്തെ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്നത്.

28നു സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ബാവാ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിന് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ ആദ്യമായി എത്തുന്ന ബാവായെ വികാരി ഫാ. പോൾ തോട്ടക്കാടിന്റെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളുടെയും മറ്റും അകമ്പടിയോടെ ഇടവക ജനങ്ങൾ സ്വീകരിച്ചാനയിക്കും. ഇടവകയിൽ നിന്നും സമീപ ഇടവകയിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും. ലുത്തീനയ്ക്കു ശേഷം സന്ധ്യാ പ്രാർഥനയും തുടർന്നു ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത പ്രഭാഷണവും നടക്കും.

ഫാ. പോൾ തോട്ടക്കാട് (വികാരി), ഷെറി ജോർജ് (വൈസ് പ്രസിഡന്റ്) പ്രിൻസ് ജോൺ (സെക്രട്ടറി) ഷോൺ ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുളള പളളി ഭരണ സമിതി ബാവായുടെ സ്വീകരണത്തിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ