കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റിൽ
Sunday, August 28, 2016 11:30 PM IST
മിസിസിപ്പി: മിസിസിപ്പിയിൽ രണ്ടു കന്യാസ്ത്രീകൾ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി 46–കാരനായ നേഡ്നി സാന്റേഗ്സിനെ വെള്ളിയാഴ്ച അർധരാത്രിയോടെ അറസ്റ്റ് ചെയ്തതായി ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി വക്‌താവ് വാൻ സ്ട്രെയിൻ അറിയിച്ചു. അനിഷ്‌ട സംഭവങ്ങൾ ഇല്ലാതെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സിസ്റ്റർ ഹേളാ മെറിൻ, സിസ്റ്റർ മാർഗരറ്റ് എന്നിവരാണ് മിസിസിപ്പിയിലെ ചെറിയ ടൗണായ ഡ്യൂറന്റിൽ ഓഗസ്റ്റ് 25നു വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പത്തുമൈൽ അകലെ ജോലി ചെയ്തിരുന്ന ലക്സിഗ്ടൺ ക്ലിനിക്കിൽ രാവിലെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കാണാതായ ടൊയോട്ട കാർ ഒരു മൈൽ അകലെ നിന്നും കണ്ടെത്തി. പരാജയപ്പെട്ട മോഷണശ്രമമായിരിക്കാം കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന നഴ്സസ് പ്രാക്ടീഷണർമാരായ കന്യാസ്ത്രീകളുടെ മരണം സിറ്റിയെ ദുഖത്തിലാഴ്ത്തി. ലക്സിംഗ്ടൺ സെന്റ് തോമസ് ചർച്ചിൽ സിസ്റ്റർ മെറിലിന്റെ പൊതുദർശനവും, തിങ്കളാഴ്ച ജാൽസൺ സെന്റ് പീറ്റർ അപ്പോസ്തൽ കത്തീഡ്രലിൽ മെമ്മോറിയൽ സർവീസും ഉണ്ടായിരിക്കുന്നതാണെന്നു ജിൽസൺ കാത്തലിക് ഡയോസിസ് ചാൻസലർ അറിയിച്ചു.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ