മെൽബണിൽ ഓണക്കോടിയുടുത്ത് വിദേശികൾ
Monday, September 26, 2016 4:04 AM IST
മെൽബൺ: മെൽബണിലെ ഒരു കമ്പനിയിൽ നടത്തിയ ഓണാഘോഷം ഏറെ കൗതുകം ഉണർത്തി. അറുപതു ശതമാനം മലയാളികൾ ജോലി ചെയ്യുന്ന ക്യാച്ച് ഓഫ് ദി ഡേ എന്ന കമ്പനിയിലാണ് വ്യത്യസ്തതയാർന്ന ഓണം ആഘോഷിച്ചത്.

ആഘോഷത്തിൽ മലയാളികളെ കൂടാതെ ഇന്ത്യയിൽ നിന്നും ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും ശ്രീലങ്ക, ജർമനി, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ പൗരൻമാരും പങ്കുകൊണ്ടു.

വിദേശീയരായ ഉടമസ്‌ഥർ ഉൾപ്പടെ എല്ലാവരും കേരളീയ വസ്ത്രങ്ങൾ അണിഞ്ഞെത്തുകയും മലയാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ഓണവിഭവങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ട്രൂഗനീന വെയർഹൗസിൽ നടന്ന ഓണസദ്യയുടെ മുഴുവൻ ചെലവും കമ്പനി തന്നെ വഹിച്ചു. ഓണ ദിവസം ആഘോഷങ്ങൾക്ക് ചെലവഴിച്ച സമയത്തിനു കമ്പനി ശബളം നൽകി. ചടങ്ങുകൾക്ക് ഡയറക്ടർമാരായ ഗാബിയും ഹസി ലിയോബോ വിച്ചും സൂപ്പർവൈസർമാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നൽകി. തിരുവാതിര, ഡാൻസ്, പാട്ട്, ഗാനമേള, കസേരകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. തമ്പി ചെമ്മനം മഹാബലിയായി വേഷമിട്ടു.

കേരളത്തിന്റെ കെട്ടുറപ്പും യോജിപ്പും കണ്ട ഇസ്രയേലിൽ നിന്നും കുടിയേറിയ ഓസ്ട്രേലിയൻ പൗരൻമാരായ കമ്പനിയുടമകൾ താമസിയാതെ കേരളം സന്ദർശിക്കുവാൻ ഒരുങ്ങുകയാണ്.