ഷിക്കാഗോ സീറോ മലബാർ രൂപതയുടെ വളർച്ച മഹത്തരം: മാർ ജോർജ് ആലഞ്ചേരി
Thursday, September 29, 2016 7:09 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപത കഴിഞ്ഞ 16 വർഷങ്ങൾകൊണ്ട് നേടിയിരിക്കുന്ന വളർച്ച മഹത്തരമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെപ്റ്റംബർ 12 മുതൽ 15 വരെ തീയതികളിലായി ഡേറിൻ, കാർമലേറ്റ് സ്പിരിച്വൽ സെന്ററിൽ നടന്ന വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപതയുടെ ഇടവകകളിലും മിഷനുകളിലും കൂട്ടായ്മയുടെ അനുഭവം ശക്‌തിപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ജനിച്ചുവളർന്ന 11 പേർ രൂപതയ്ക്കുവേണ്ടി സെമിനാരി പരിശീലനം നടത്തുന്നുവെന്നത് ഏറെ സന്തോഷകരവും പ്രത്യാശയ്ക്ക് വക നൽകുന്നതുമാണെന്ന് മാർ ആലഞ്ചേരി സൂചിപ്പിച്ചു.

2001–ൽ രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭംകുറിച്ച രൂപതയ്ക്ക് ഇന്ന് അമേരിക്കയിലുടനീളം 39 ഇടവകകളും 39 മിഷൻ കേന്ദ്രങ്ങളുമുണ്ട്. എഴുപത്തഞ്ച് വൈദികർ സഭയിൽ സേവനം ചെയ്യുന്നു. രൂപതയുടെ വിവിധ ഇടവകകളിലായി പന്ത്രണ്ടായിരത്തോളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമ്പതിനായിരത്തോളം കുട്ടികൾ വിശ്വാസപരിശീലനം നടത്തുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം