വിശുദ്ധ കോതമംഗലം ബാവയുടെ ഓർമപ്പെരുന്നാൾ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തിൽ
Saturday, October 1, 2016 1:02 AM IST
ന്യൂജേഴ്സി: വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്്സ് ദേവാലയത്തിൽ വിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ (കോതമംഗലം ബാവ) 331–മതു ഓർമപ്പെരുന്നാൾ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച ക്നാനായ ആർച്ച് ഡയോസിസിന്റെ അമേരിക്കൻ റീജിയൻ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതിനു ദേവാലയത്തിൽ എത്തിച്ചേരുന്ന അഭി. ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയെ പരമ്പരാഗതമായ രീതിയിൽ സ്വീകരിച്ച് ആനയിക്കും. 9.15–നു പ്രഭാത പ്രാർത്ഥനയും, പത്തിനു വിശുദ്ധ കുർബാനയും, വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാർത്ഥനയും അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും, ഫാ. ഡോ. എ.പി ജോർജിന്റെ സഹകാർമികത്വത്തിലും നടത്തപ്പെടും. 11.30–നു പ്രദക്ഷിണവും അതെ തുടർന്നു ആശീർവാദവും നേർച്ചവിളമ്പും നടത്തപ്പെടും. സ്നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും. ഫാ. ആകാശ് പോൾ, പൗലോസ് കെ. പൈലി, യൽദോ വർഗീസ്, സിമി ജോസഫ്, മെവിൻ തോമസ് എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്. പെരുന്നാൾ ആഘോഷപരിപാടികൾക്ക് വികാരി ഫാ. ആകാശ് പോൾ, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്), രഞ്ചു സക്കറിയ (സെക്രട്ടറി), യൽദോ വർഗീസ് (ട്രസ്റ്റി), കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം