‘ഉന്നതമായ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക’
Tuesday, October 4, 2016 4:50 AM IST
ഹൂസ്റ്റൺ: ലോക ജനതക്ക് ഇന്ത്യയുടെ രാഷ്ര്‌ടപിതാവ് മഹാത്മാഗാന്ധി നൽകിയ മൂല്യങ്ങളും ദർശനങ്ങളും ഇന്നും വളരെ പ്രസക്‌തമാണെന്നും ആ നല്ല ദർശനങ്ങളും മൂല്യങ്ങളും ഉൾക്കൊണ്ട് നല്ല നാളെയുടെ സന്ദേശവാഹകരായി തീരുവാൻ ഇടവരട്ടെ എന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (INOC) ടെക്സസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണി(മാഗ്)ന്റെ ആസ്‌ഥാനമായ കേരള ഹൗസിൽ ഒക്ടോബർ രണ്ടിന് നടന്ന യോഗത്തിൽ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് പൊന്നുപിള്ള അധ്യക്ഷത വഹിച്ചു. ഉറിയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്‌ഞലികൾ അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചതിനുശേഷമാണ് സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി ബേബി മണക്കുന്നേൽ, ജയിംസ് കൂടൽ (ഒഐസിസി മുൻ ഗ്ലോബൽ ട്രഷറർ), ശശിധരൻ നായർ (ഫോമ മുൻ പ്രസിഡന്റ്, ജോർജ് കാക്കനാട്ട് (പത്രാധിപർ, ആഴ്ചവട്ടം), ജോർജ് മണ്ണിക്കരോട്ട് (പ്രസിഡന്റ് ഹൂസ്റ്റൺ മലയാളം സൊസൈറ്റി), ജീമോൻ റാന്നി (ഐഎൻഒസി ടെക്സസ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി), വാവച്ചൻ മത്തായി (ഐഎൻഒസി നാഷണൽ ജോയിന്റ് ട്രഷറർ), ഏബ്രഹാം ഈപ്പൻ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ്) തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മോഹൻരാജിന് സംഘടനയുടെ നേതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറർ ഏബ്രഹാം തോമസ് നന്ദി പ്രസംഗം നടത്തി.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി