ഐഎപിസി മീഡിയ കൺവൻഷൻ: ചേംബർ ഓഫ് കൊമേഴ്സ് ബിസിനസ് സെമിനാറിന് നേതൃത്വം നൽകും
Thursday, October 6, 2016 2:13 AM IST
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും ഇൻഡോ അമേരിക്കൻ പ്രസ്ക്ലബും സംയുക്‌തമായി നടത്തുന്ന ബിസിനസ് സെമിനാറിന് പ്രമുഖ ബിസിനസുകാരനും എംപിയുമായ പി.വി. അബ്ദുൾ വഹാബ് അധ്യക്ഷത വഹിക്കുമെന്നു ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ എന്നിവർ അറിയിച്ചു. കണക്ടികട്ടിലെ ഹിൽറ്റൺ സ്റ്റാംഫോർഡ് ഹോട്ടലിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ മൂന്നാമതു അന്താരാഷ്ര്‌ട മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ ഒൻപതിന് ഉച്ചയ്ക്ക് രണ്ടിനു നടത്തുന്ന ബിസിനസ് സെമിനാറിൽ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ ബിസിനസ് സംരംഭകർ ഒത്തുചേരും. അമേരിക്കയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചും അതിന് മാധ്യമങ്ങൾക്കുള്ള പ്രസക്‌തിയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യുമെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ അറിയിച്ചു. അനന്തമായ ബിനിസസ് സാധ്യതകളാണ് അമേരിക്കയിലുള്ളത്. ഇവ കണ്ടെത്തുന്നതിനും വളർത്തുന്നതിനും മാധ്യമങ്ങൾക്ക് വളരെയേറെ പങ്കുണ്ട്. ബിസിനസിൽ മാധ്യമങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും സംരംഭകർ മാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സെമിനാറിൽ ചർച്ചചെയ്യും. സെമിനാറിന് മീഡിയ കോൺഫ്രൻസ് കോ ചെയർമാൻ മാത്തുക്കുട്ടി ഈശോ അധ്യക്ഷത വഹിക്കും.

18 വർഷം മുമ്പു ന്യൂയോർക്ക് കേന്ദ്രമായി രുപീകൃതമായ ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സ് അമേരിക്കയിലെ മലയാളി സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്. 2016 ൽ പുതിയ നേതൃത്വം വന്നതിനു ശേഷം അമേരിക്കയിലെ മലയാളി ബിസിനസുകാരുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങളാണ് ചെയ്തതിട്ടുള്ളത്. മലയാളി സംരംഭകർക്ക് പുതിയ അവസരങ്ങൾ കണ്ടെത്തികൊടുക്കുന്നതിലും മറ്റും പുതിയ നേതൃത്വം മാതൃകാപരമായ കാര്യങ്ങളാണ് നടത്തിയിട്ടുള്ളത്. ഇത്തരത്തിൽ മാധ്യമങ്ങളുമായി ചേർന്ന് സംരംഭകർക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു ഇൻഡോ അമേരിക്കൻ മലയാൽചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ എന്നിവർ പറഞ്ഞു. ബിസിനസിന്റെ വളർച്ചയ്ക്ക് മാധ്യമങ്ങളുടെ പങ്ക് വളരെയേറെയുണ്ട്. അത് തിരിച്ചറിഞ്ഞുപ്രവർത്തിക്കുന്നവരാണ് ഇവിടത്തെ ബിസിനസുകാരെന്നും ഇതിന്റെ ഭാഗമായാണു ഇൻഡോ അമേരിക്കൻ പ്രസ്ക്ലബുമായി സഹകരിച്ച് ഇത്തരത്തിലൊരു സെമിനാറിന് നേതൃത്വം നൽകുന്നതെന്നും അവർ പറഞ്ഞു. മലയാളി സംരംഭകർക്ക് വളരെയേറെ പിന്തുണ നൽകുന്ന ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന് ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ നന്ദിപറഞ്ഞു.

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013 ൽ രുപീകരിച്ച സംഘടനയാണ് ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ്. ഇതിന്റെ അംഗങ്ങളുടെ കർമ്മ നിരതമായ പ്രവർത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണു ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് ഇത് വളർന്നത്. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗൾഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

വളർന്നുവരുന്ന മാധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐഎപിസി കർമനിരതമാണ്. ഒപ്പം, ഇന്ത്യൻ കമ്യൂണിറ്റിക്ക് നോർത്ത് അമേരിക്കയിൽ മികച്ച പിന്തുണയാണു ഐഎപിസി നൽകുന്നത്.