ഷിക്കാഗോ മാരത്തൺ ഞായറാഴ്ച; മലയാളികൾക്ക് അഭിമാനമായി സോജനും എബിയും എത്തി
Saturday, October 8, 2016 4:34 AM IST
ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണിൽ മാറ്റുരയ്ക്കാൻ കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ട് ലണ്ടൻ മലായാളികൾ ഷിക്കാഗോയിൽ എത്തി ചേർന്നു. ഒക്ടോബർ ഒമ്പതിനു ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാർക്കിൽ ആരംഭിച്ച് ഗ്രാന്റ് പാർക്കിൽ തന്നെ അവസാനിക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണിൽ പങ്കാളിയായികൊണ്ട് മലയാളികൾക്ക് അഭിമാനമാകുവാൻ വേണ്ടി കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടു ലണ്ടൻ മലയാളികളാണ് എത്തിയിരിക്കുന്നത്. യു കെ യിലെ കെന്റിൽ സ്‌ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫും നിലമ്പൂർ സ്വദേശി എബി മാത്യുവുമാണ് മലായാളി സാന്നിധ്യമായി ഷിക്കാഗോയിൽ എത്തുന്നത്. ഇന്നലെ (വെള്ളിയാഴ്ച രാവിലെ ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി ചേർന്ന സോജനെയും എബിയെയും സുഹൃത്തുക്കൾ ചേർന്നു സ്വീകരിച്ചു.

ഇതിനു മുൻപ് കഴിഞ്ഞ സെപ്റ്റംബറിൽ ബർലിനിൽ നടന്ന നാൽപ്പത്തിരണ്ടാമതു മാരത്തൺ, ഏപ്രിലിൽ നടന്ന പാരീസ് മാരത്തൺ , ലണ്ടൻ, എഡിൻബറോ, ഡബ്ളിൻ എന്നിവയടക്കം നിരവധി മാരത്തൺ മത്സരങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആർജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ഷിക്കാഗോ മാരത്തണിൽ പങ്കെടുക്കുവാൻ ഒരുങ്ങുന്നത്. ലണ്ടൻ മലയാളിയായ സോജൻ ജോസഫ് നാലു മണിക്കൂർ 45 മിനിറ്റുകൊണ്ടാണ് ബർലിൻ മാരത്തൺ (42.195 കിമീ) ഫിനീഷ് ചെയ്തത്. കഴിഞ്ഞ 14 വർഷമായി കുടുംബസമേതം കെന്റിൽ താമസിയ്ക്കുന്ന സോജൻ, ഗ്ളോബൽ മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയൻ പ്രസിഡന്റുകൂടിയാണ്.

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂർ സ്വദേശിയാണ്. കെന്റിൽ കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തൺ ആണ് ഷിക്കാഗോയിലേത്. ഇതിനു മുൻപ് പാരീസ് മാരത്തനിലും എഡിൻബർഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഷിക്കാഗോയിലെ റോഡുകളിലൂടെ 42 കി. മി ദൈർഖ്യമുള്ള ഷിക്കാഗോ മാരത്തൺ, ലോകത്തിലെ തന്നെ ആറു പ്രധാന മാരത്തണുകളിൽ ഒന്നാണ്. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തൺ കൂടിയാണ് ഇത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികളാൽ സമ്പന്നമായ ഷിക്കാഗോയിൽ വച്ച് നടത്തുന്ന മാരത്തണിൽ മലയാളികൾക്ക് അഭിമാനമായി ലണ്ടനിൽ നിന്നുമെത്തിയ രണ്ടു മലയാളികൾ പങ്കെടുക്കുന്നു എന്നത് അഭിമാനർഹമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം