പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ടെക്സസിൽ റിക്കാർഡ് പോളിംഗ്
Wednesday, October 26, 2016 7:07 AM IST
ഓസ്റ്റിൻ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച ഏർലി വോട്ടിംഗിൽ ടെക്സസ് സംസ്‌ഥാനത്ത് റിക്കാർഡ് പോളിംഗ്.

24 നാണ് ടെക്സസ് സംസ്‌ഥാനത്ത് ഏർലി വോട്ടിംഗ് ആരംഭിച്ചത്. ഓരോ കൗണ്ടിയിലേയും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ ഏർലി വോട്ടിംഗിന് എത്തിയവർ മണിക്കൂറുകളോളം ക്യു നിന്നാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയായിരുന്നു സമയം. 2008, 2012 വർഷങ്ങളിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയവരേക്കാൾ രണ്ടിരട്ടിയോളമാണ് 2016 ൽ വോട്ട് ചെയ്തത്.

ടെക്സസിലെ ചില പ്രധാന കൗണ്ടികളിലെ വോട്ടിംഗ് നിലവാരം ചുവടെ. ബ്രായ്ക്കറ്റിൽ 2012ലെ വോട്ട്. ഹാരിസ് കൗണ്ടി 67471 (47093), ഡാളസ് കൗണ്ടി 58000 ( 32512), ടറന്റ് കൗണ്ടി 43000 (30133), ട്രാവിഡ് കൗണ്ടി 35066 (16378), കോളിൻ കൗണ്ടി 30000 (16531), ഡന്റൽ കൗണ്ടി 16955 (12300)

നവംബർ നാലുവരെയാണ് ഏർലി വോട്ടിംഗിന്റെ സമയ പരിധി. ടെക്സസിൽ 15.1 മില്യൺ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇലകട്രോണിക്ക് ബാലറ്റ് പേപ്പറിൽ സ്‌ഥാനാർഥികളുടെ നീണ്ട നിരയാണ്. ബാലറ്റ് തുറക്കുമ്പോൾ കാണുന്ന ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്കൻ, ഗ്രീൻ പാർട്ടി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ വോട്ട് രേഖപ്പെടുത്തിയാൽ ആ പാർട്ടിയിലെ മുഴുവൻ സ്‌ഥാനാർഥികൾക്കും വോട്ട് ലഭിക്കും. പാർട്ടിക്ക് വോട്ട് രേഖപ്പെടുത്താത്തവർക്ക് വ്യക്‌തികളെ നോക്കി വോട്ട് രേഖപ്പെടുത്താം. പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ട്രംപിന്റേയും മൈക്ക് പെൻസിന്റേയും പേരുകൾ ഒറ്റ കോളത്തിലായതുകൊണ്ട് ഈ കോളത്തിൽ വോട്ട് രേഖപ്പെടുത്തിയാൽ ഇരുവർക്കും ലഭിക്കും. ആദ്യം രേഖപ്പെടുത്തിയിട്ടുളളത് ട്രംപിന്റേയും അടുത്തുളളത് ഹില്ലരിയുടേതുമാണ്. പ്രസിഡന്റ് കോളത്തിൽ ട്രംപിന്റെ പേർ ആദ്യമായതിനാൽ ആനുകൂല്യം ലഭിക്കുക ട്രംപിനാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ